പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി
പേരാമ്പ്ര: നിയോജകമണ്ഡലത്തിലെ പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാനത്താകെ 48 റോഡുകള്‍ക്കും മൂന്ന് പാലങ്ങള്‍ക്കും നാല് കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കി. ഇതില്‍ ഉള്‍പ്പെടുന്നതാണ് പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണം.
ഇതിന് പുറമെ ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ പെരുംപോയില്‍-കണ്ടോത്ത്പാറ റോഡ് നവീകരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചു. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മുണ്ടോത്ത്-തെരുവത്ത് കടവ് റോഡ് നവീകരണത്തിനായി മൂന്ന് കോടി രൂപയും എകരൂര്‍-കാക്കൂര്‍ റോഡ് നവീകരണത്തിനായി മൂന്ന് കോടി രൂപയും അനുവദിച്ചു.
നാദാപുരം നിയോജകമണ്ഡലത്തിലെ കല്ലാച്ചി ടൗണ്‍ നവീകരണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചു. കുന്നമംഗലം നിയോജകമണ്ഡലത്തിലെ കോഴിക്കോട്-മാവൂര്‍ റോഡിലെ കുറ്റിക്കാട്ടൂര്‍ ടൗണ്‍ നവീകരണത്തിനായി ഒരു കോടി രൂപയും ചാത്തമംഗലം-പാലക്കാടി-ഏരിമല റോഡ് നവീകരണത്തിനായി മൂന്ന് കോടി രൂപയും പരിയങ്ങാട്-ചെട്ടിക്കടവ് റോഡ് നവീകരണത്തിനായി മൂന്ന് കോടി രൂപയും അനുവദിച്ചു.
ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ഫറൂക്ക് മാര്‍ക്കറ്റ് ഗവ. എം.യു.പി സ്‌കൂള്‍ പുതിയ കെട്ടിടം പണിയുന്നതിന് മൂന്ന് കോടി രൂപയും ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപയും അനുവദിച്ചു.