ചെക്കന്റെ കൂട്ടര്‍ പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്ത് പെണ്ണിന്റെ കൂട്ടര്‍, ഒടുവില്‍ പടക്കത്തിന് പകരം പൊട്ടിയത് ഉഗ്രന്‍ അടി; മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ നിന്നുള്ള കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായി (വീഡിയോ കാണാം)


മേപ്പയ്യൂര്‍: തല്ലുമാല എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഇറങ്ങിയത് അടുത്തിടെയാണ്. നിരവധി അടികള്‍ കോര്‍ത്തിണക്കിയ ചിത്രമായിരുന്നു തല്ലുമാല. അവസാനമുള്ള കല്യാണവീട്ടിലെ അടിയായിരുന്നു സിനിമയിലെ ഹൈലൈറ്റ്. ടൊവിനോയും ഷൈന്‍ ടോം ചാക്കോയും ലുഖ്മാനും ബിനു പപ്പുവുമെല്ലാം കൊണ്ടും കൊടുത്തുമുള്ള അടിപൊളി അടിയായിരുന്നു അത്.

തല്ലുമാല കണ്ടവര്‍ ഒരു പക്ഷേ വിചാരിച്ചിട്ടുണ്ടാകും, ഇതുപോലെയുള്ള അടിയൊക്കെ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുമോ എന്ന്. എന്നാല്‍ മേപ്പയ്യൂരിലെ ഒരു കല്യാണവീട്ടില്‍ തല്ലുമാലയെ വെല്ലുന്ന അടിയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തല്ലുമാലയില്‍ സത്താര്‍ പറയുന്നത് പോലെ ‘അടിയോടടി പൊടിയരിക്കഞ്ഞി’ എന്ന് പറയാന്‍ പറ്റുന്ന തരത്തിലുള്ള കൂട്ടത്തല്ലാണ് മേപ്പയ്യൂരില്‍ നടന്നത്.

മേപ്പയ്യൂര്‍ ടൗണില്‍ തന്നെയുള്ള വീട്ടിലാണ് സംഭവം നടന്നത്. പെണ്ണിന്റെ വീടായിരുന്നു ഇത്. വടകരയ്ക്കടുത്ത് വില്യാപ്പള്ളിയില്‍ നിന്നാണ് ചെക്കന്‍. വില്യാപ്പള്ളിയില്‍ നിന്ന് ചെക്കനും കൂട്ടരും മേപ്പയ്യൂരിലെ പെണ്‍വീട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

ചെക്കന്റെ സുഹൃത്തുക്കള്‍ പെണ്ണിന്റെ വീട്ടില്‍ വച്ച് പടക്കം പൊട്ടിച്ചു. എന്നാല്‍ പെണ്ണിന്റെ നാട്ടിലുള്ളവര്‍ക്ക് ഇത് ഇഷ്ടമായില്ല. അവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇത് വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീളുകയും ഒടുവില്‍ രണ്ട് നാട്ടുകാര്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.

കൂട്ടത്തല്ലിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീടിന് മുകളില്‍ നിന്നിരുന്ന ആരോ ആണ് ഈ ദൃശ്യം പകര്‍ത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോ വലിയ രീതിയില്‍ വൈറലായി.

വൈറല്‍ വീഡിയോ കാണാം: