‘കൈ’വിട്ട് ചെങ്കൊടിയേന്താൻ അവർ; കൈതക്കലിൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന് കുടുംബം
പേരാമ്പ്ര: നൊച്ചാട് കൈതക്കലിൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന് ഒരു കുടുംബം. കൊയ്യാംകണ്ടി കുഞ്ഞികൃഷ്ണൻ മാസ്റ്ററും കുടുംബവുമാണ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്. കൈതക്കലിൽ സി.പി.എം നടത്തിയ വികസന സദസ്സിൽ വച്ചാണ് ഇവർ സി.പി.എമ്മിനൊപ്പം ചേർന്നത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെതിരെ വാർത്താ സമ്മേളനം വിളിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ച് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെ ആരോപണം നിഷേധിക്കാനോ പ്രതികരിക്കാനോ നേതൃത്വം തയ്യാറാവാത്തതിലും ആരോപണ വിധേയൻ ഇപ്പോഴും സ്ഥാനത്ത് തുടരുന്നതിലും പ്രതിഷേധിച്ചാണ് കുടുംബം കോൺഗ്രസ് വിട്ടത്.
ഖദറിന്റെ വിശുദ്ധി കാക്കുന്ന ഒരു കോൺഗ്രസുകാരനും ഇത്തരം അഴിമതിക്കാരുടെ പാർട്ടിയിൽ നിൽക്കാനാവില്ലെന്ന് പറഞ്ഞാണ് കുഞ്ഞികൃഷ്ണൻ മാസ്റ്ററും കുടുംബവും കോൺഗ്രസ് വിട്ടത്.
അന്ത്യശ്വാസം വലിച്ച് കൊണ്ടിരിക്കുന്ന കോൺഗ്രസിലെ നേതാക്കൾ സ്വന്തം അണികളുടെപോലും പോക്കറ്റടിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നൊച്ചാട് കണ്ടതെന്നും കമ്മീഷൻ ഏജന്റുമാർ അകത്തും നിസ്വാർത്ഥരായ കോൺഗ്രസുകാർ പുറത്തും എന്നതാണ് ഇപ്പോഴത്തെ കോൺഗ്രസെന്നുമാണ് ഉയർന്നു വന്ന ആക്ഷേപം.