‘നിവേദിനെ ഇടിച്ചശേഷം അല്പം മുന്നിലായി അയാള്‍ കാര്‍ നിര്‍ത്തി; ഓടിച്ചെന്ന് അവനെ എടുത്ത് മടിയില്‍വെച്ചശേഷം ഞാനയാളെ കൈകൊണ്ട് മാടിവിളിച്ചു” മേപ്പയ്യൂര്‍ സ്വദേശി നിവേദിന്റെ മരണത്തിനുകാരണമായ വാഹനാപകടത്തെക്കുറിച്ച് ദൃക്‌സാക്ഷി സീന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


പേരാമ്പ്ര: വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ട മേപ്പയ്യൂരിലെ നിവേദിനെ ഇടിച്ച കാര്‍ ഡ്രൈവറെ സഹായം അഭ്യര്‍ത്ഥിച്ച് താന്‍ വിളിച്ചിട്ടും അതൊന്നും ശ്രദ്ധിക്കാതെ പോകുകയായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ കുറ്റ്യാടി വടയം സ്വദേശി സീന പറഞ്ഞു. നിവേദിനെ ഇടിച്ചശേഷം അല്പം മാറി അയാള്‍ കാര്‍ നിര്‍ത്തിയിരുന്നു. റോഡിലേക്ക് വീണുകിടന്ന നിവേദിനെ എടുത്ത് മടിയില്‍ വെച്ചശേഷം താന്‍ അയാളെ കൈകൊണ്ട് മാടിവിളിച്ചെങ്കിലും വണ്ടിയുമെടുത്ത് അയാള്‍ സ്ഥലം വിടുകയായിരുന്നെന്നും സീന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സംഭവത്തെക്കുറിച്ച് സീന പറയുന്നു:

പേരാമ്പ്രയില്‍ ഒരു കല്ല്യാണത്തിനു പോകുകയായിരുന്നു ഞാനും ഭര്‍ത്താവും. ഭര്‍ത്താവിന് മൂത്രമൊഴിക്കാനായി ആക്‌സിഡന്റായ സ്ഥലത്ത് സ്‌കൂട്ടി നിര്‍ത്തിയതായിരുന്നു. ഭര്‍ത്താവ് ഇറങ്ങി മൂത്രമൊഴിക്കാനായി പോയി. ഞാനും വണ്ടിയില്‍ നിന്ന് ഇറങ്ങി അവിടെ നിന്നു. അപ്പോഴാണ് നിവേദ് ബൈക്കില്‍ അതുവഴി വന്നത്.

ചാനിയം കടവ് റോഡില്‍ നിന്നാണ് ഞങ്ങള്‍ പേരാമ്പ്രയിലേക്ക് വന്നത്. അതേ വഴിയില്‍ വന്ന ഒരു കാറ് നിവേദിനെ ഇടിച്ചു. ഇടിച്ച് കുറച്ചുനേരം ആ കാറ് അവിടെ നിര്‍ത്തിയിരുന്നു. അല്പം കഴിഞ്ഞ് കാര്‍ ഓടിച്ച് പോകുകയും ചെയ്തു. ഡ്രൈവര്‍ പുറത്ത് ഇറങ്ങുകയോ നിവേദിന് അടുത്ത് വരികയോ ചെയ്തിട്ടില്ല. റോഡില്‍ വീണ് കിടന്ന നിവേദിനെ ഞാനോടിച്ചെന്ന് എടുത്ത് മടിയില്‍വെച്ച് കൈകൊണ്ട് കാര്‍ ഡ്രൈവറെ മാടിവിളിച്ചിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ അയാള്‍ പോകുകയായിരുന്നു. ഒരു പുരുഷനായിരുന്നു ഡ്രൈവര്‍.

അതിനുശേഷം അതുവഴി മറ്റൊരു കാര്‍ വന്നു. അയാള്‍ നിവേദിന്റെ നെഞ്ചില്‍ ഒന്നുരണ്ടുതവണ പ്രസ് ചെയ്തപ്പോള്‍ ശ്വാസം എടുക്കുന്നതുപോലെ തോന്നി. അപ്പോള്‍ തന്നെ മറ്റൊരു കാറും അതുവഴി വന്നു. അയാള്‍ വണ്ടി നിര്‍ത്തി എന്താ കാര്യമെന്ന് ചോദിച്ചു. ഞങ്ങള് കാര്യം പറഞ്ഞയുടന്‍ അവര് രണ്ടുപേരും നിവേദിനെ എടുത്ത് കാറില്‍ കയറ്റി. പഴ്‌സും ഫോണും റോഡിലുണ്ടായിരുന്നത് എടുത്ത് ഞാന്‍ അവരുടെ കയ്യില്‍ കൊടുത്തു. ‘നിങ്ങളെന്താ കയറാത്തത്?’ എന്ന് അവരെന്നോട് ചോദിച്ചു. എന്റെ ആരോ ആണെന്നാണ് അവര് കരുതിയത്. എന്റെ ആരുമല്ല, റോഡില്‍ കണ്ടപ്പോള്‍ നോക്കിയതാണ് എന്ന് പറഞ്ഞു.

അപകടശേഷം നിവേദ് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. അടുത്ത വീട്ടിലെ ഒരു സ്ത്രീ വെള്ളം കൊണ്ടുവന്നു തന്നിരുന്നു. ഞാനതുകൊണ്ട് അവന്റെ മുഖമെല്ലാം കഴുകി. വെള്ളം കുടിപ്പിക്കാന്‍ നോക്കിയപ്പോള്‍ അവിടെയുള്ള ചിലര്‍ തടഞ്ഞതുകൊണ്ട് കൊടുത്തില്ല.

രണ്ട് ദിവസം മുമ്പ് വാര്‍ത്ത കണ്ടപ്പോഴാണ് ആ കുട്ടി മരിച്ചിരുന്നുവെന്ന് മനസിലായത്. അപകടം നടന്ന ദിവസം കുട്ടോത്ത് സ്വദേശിയായ മാമനെ വിളിച്ച് ഈ അപകടത്തെക്കുറിച്ച് അന്ന് ചോദിച്ചിരുന്നു. അതിനെക്കുറിച്ചൊന്നും ആരും പറയുന്നത് കേട്ടിട്ടില്ലെന്നാണ് മാമന്‍ പറഞ്ഞത്. പിന്നെ അതിനെക്കുറിച്ച് അത്ര ചിന്തിച്ചിരുന്നില്ല.

ഇന്നലെ നിവേദിന്റെ വീട്ടില്‍ പോയിരുന്നു. ‘ഞാനൊരിക്കലും മറഞ്ഞുനിന്നതല്ല, ഇങ്ങനെയൊരു സംഭവം ഞാന്‍ അറിഞ്ഞേയില്ല. മെനയാന്ന് അമ്മ ന്യൂസ് കാണുമ്പോള്‍ എന്റെ ഭര്‍ത്താവും അവിടെയുണ്ടായിരുന്നു. അങ്ങനെ കണ്ടപ്പോഴാണ് മനസിലായത്. മൂന്നുമുറി പീടിക കണ്ടപ്പോഴാണ് അതേ സംഭവമാണെന്ന് തോന്നിയത്. ഉടനെ ഞാന്‍ എന്റെ ഫ്രണ്ടിനെ വിളിച്ചു പറഞ്ഞു. അവരുടെ ബന്ധുവിന്റെ കല്ല്യാണത്തിനായിരുന്നു ഞാന്‍ പോയത്. അവരോട് കാര്യം ചോദിച്ചപ്പോള്‍ അവര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ പരിചയക്കാരോട് അന്വേഷിച്ചു. അതുതന്നെയാണ് സംഭവമെന്ന് മനസിലായപ്പോള്‍ സി.ഐയ്ക്ക് എന്റെ നമ്പര്‍ കൊടുക്കുകയായിരുന്നു.

നിവേദിനെ ഇടിച്ച കാര്‍ കണ്ടെത്താനാകുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും സീന പറഞ്ഞു. രണ്ടുമാസത്തിനുശേഷം തന്നെ കണ്ടെത്താനായല്ലോ. അതേ പോലെ അല്പം വൈകിയാലും, നിവേദിനെ ഇടിച്ച് സഹായിക്കാതെ പോയ അയാളെയും കണ്ടെത്താന്‍ കഴിയുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും സീന വ്യക്തമാക്കി.
Summary: Eyewitness Seena talks about the car accident that caused the death of Nived, a resident of Mepayyur