വേളം പഞ്ചായത്തിലെ കുറിച്ചകം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍
വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകത്തം വാര്‍ഡില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 83.3 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും. ആകെയുള്ള 1321 വോട്ടര്‍മാരില്‍ 1107 പേര്‍ വോട്ടുചെയ്തു. സിറ്റിങ് സീറ്റില്‍ എല്‍.ഡി.എഫിനായി മുന്‍ കെ.എസ്.ടി.എ. നേതാവായ പി.എം കുമാരനും യു.ഡി.എഫിനായി വിദ്യാര്‍ഥിനേതാവ് ശാനിബ് ചെമ്പോടും ബി.ജെ.പി സ്ഥാനാര്‍ഥിയായി ടി.എം. ഷാജുവുമാണ് രംഗത്തിറങ്ങിയത്. രാവിലെ 10ന് പൂളക്കൂല്‍ കമ്യൂണിറ്റി ഹാളിലാണ് വോട്ടെണ്ണല്‍.
സി.പി.എമ്മിന്റെ കെ.കെ മനോജനായിരുന്നു കുറിച്ചകം വാര്‍ഡ് മെമ്പര്‍. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് മനോജ് മെമ്പര്‍ സ്ഥാനം രാജിവെക്കുന്നത്. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരികയായിരുന്നു.
വര്‍ഷങ്ങളായി എല്‍.ഡി.എഫിനൊപ്പമാണ് കുറിച്ചകത്തുകാര്‍. 294 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ലഭിച്ചത്. വാര്‍ഡ് ഇത്തവണയും നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനാകുമോ, മറിച്ച് യു.ഡി.എഫോ ബിജെപിയോ പിടിച്ചെടുക്കുമോയെന്ന് ഇന്ന് അറിയാം.