ലക്ഷ്യമിട്ടത് ട്രെയിനിന്റെ ഒരു കോച്ച് പൂര്‍ണ്ണമായി കത്തിക്കാന്‍, ഷാരൂഖിനെ കേരളത്തിലെത്തിച്ചത് കൃത്യമായ ആസൂത്രണത്തോടെ; എലത്തൂര്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുമാണ് (ഐ.ബി) തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്.
ഐ.ബിയാണ് എലത്തൂര്‍ ട്രെയിന്‍ തീ വെപ്പില്‍ പ്രധാനമായി അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ പ്രാഥമിക അന്വേഷണം നടത്തിയത്. രണ്ട് ഏജന്‍സികളുടെയും അന്വേഷണത്തിനൊടുവിലാണ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്.
പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫി സ്വന്തം നിലയ്ക്കല്ല കേരളത്തില്‍ എത്തിയത്. ഇയാളെ കേരളത്തില്‍ എത്തിക്കുകയായിരുന്നു. ട്രെയിനിലെ ഒരു ബോഗി പൂര്‍ണ്ണമായി കത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതുവഴി വലിയ ആക്രമണത്തിനാണ് ലക്ഷ്യമിട്ടത് എന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിന് വലിയ സഹായം ലഭിച്ചിട്ടുണ്ട്. ആസൂത്രിതമായ കൃത്യമാണ് നടന്നത്. ഇതിന് പിന്നില്‍ വന്‍ സംഘമാണ് പ്രവര്‍ത്തിച്ചത്. ഷാരൂഖ് സെയ്ഫിക്ക് ആശയപരമായ പ്രചോദനം നല്‍കാനും വന്‍ സംഘമാണ് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ പ്രചോദനം നല്‍കിയാണ് ഇയാളെ കൃത്യത്തിന് സന്നദ്ധനാക്കിയത്.
കൃത്യം നടത്താന്‍ കേരളം തിരഞ്ഞെടുത്തതിലും ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് തിരഞ്ഞെടുത്തതിലും വലിയ ആസൂത്രണമാണ് നടന്നത്. മൂന്ന് കുപ്പി പെട്രോള്‍ ഉള്‍പ്പെടെ സര്‍വ്വസജ്ജമായാണ് ഷാരൂഖ് ട്രെയിനില്‍ കയറിയത്. എന്നാല്‍ ആസൂത്രണം ചെയ്തത് പോലെ കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. പരിശീലനക്കുറവാണ് പദ്ധതി പാളിപ്പോകാന്‍ കാരണമെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി.
കൃത്യം നടത്താനായി വലിയസംഘം ഷാരൂഖിനെ മാസങ്ങളോളം പ്രചോദിപ്പിച്ചെന്നാണ് വിവരം. എന്നാല്‍ ആക്രമണം നടത്താനുള്ള പരിശീലനമൊന്നും ഇയാള്‍ക്ക് നല്‍കിയിരുന്നില്ല. പദ്ധതി പുറത്തറിയുമെന്ന് കരുതിയതിനാലാണ് ഇയാള്‍ക്ക് പരിശീലനം നല്‍കാതിരിക്കാന്‍ കാരണമായത്.ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും വലിയ ആസൂത്രണം നടന്നാതായാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതിന് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.