‘പേരാമ്പ്രയിലെ അക്രമങ്ങള്‍ ആരുടെ തിരക്കഥ’: ഒരിടത്തും ദൃക്സാക്ഷികളില്ല, പ്രതികളിലേക്കെത്താനുള്ള മാര്‍ഗ്ഗം ശാസ്ത്രീയ പരിശോധന; ഡിവൈഎസ്പി ആര്‍ ഹരിദാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ അടുത്തിടെയുണ്ടായ ആക്രമണ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ച് ക്രെെബ്രാഞ്ച്. ക്രൈം ബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിലായി പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളുടെ അന്വേഷണ ചുമതലയാണ് ഏൽപ്പിച്ചിട്ടുള്ളത്. ആക്രമണങ്ങളെല്ലാം നടന്നത് രാത്രിയിലായതിനാൽ ദൃസാക്ഷികളില്ല. അതിനാൽ ശാസ്ത്രീയ തെളിവുകളിലൂടെ മാത്രമേ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സാധിക്കുകയുള്ളുവെന്ന് ക്രൈം ബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പി ആർ ഹരിദാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ പേരാമ്പ്ര മേഖല സാക്ഷ്യം വഹിച്ചത് അക്രമത്തിന്റെ രാത്രികാലത്തിന്. പേരാമ്പ്രയിലെ വിവിധയിടങ്ങളിലുള്ള കോണ്‍ഗ്രസ്-സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടത് കൂടാതെ പ്രവര്‍ത്തകരുടെ വീട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. ഇതിന്റെ അന്വേഷണ ചുതലയാണ് റൂറല്‍ എസ്.പി ഡോ. എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി ആർ ഹരിദാസ് ഏറ്റെടുത്തത്.

അക്രമണ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തവയിൽ മൂന്ന് കേസുകളില്‍ കോണ്‍ഗ്രസും രണ്ടെണ്ണത്തി ല്‍ സി.പി.എമ്മുമാണ് പരാതിക്കാര്‍. കോണ്‍ഗ്രസ് നേതാവ് നസീറിന്റെ വീടിനു നേരെയും സി.പി.എം. നേതാവ് ശ്രീധരന്റെ വീടിന് നേരെയുണ്ടായ പെട്രോള്‍ ബോംബേറും, വാല്യക്കോടെ സി.പി.എം ഓഫീസ്, പേരാമ്പ്രയിലെ കോൺ​ഗ്രസ് ഓഫീസ് എന്നിവ ആക്രമിക്കപ്പെട്ടതുള്‍പ്പെടെയുള്ള കേസുകളാണ് അന്വേഷിക്കുന്നത്.

ആക്രമണങ്ങൾ നടന്നിരിക്കുന്നത് രാത്രി 12-നും പുലർച്ചെ മൂന്ന് മണിക്കും ഇടയിലാണ്. ദൃസാക്ഷികളില്ലാത്തതിനാൽ സെെന്റിഫിക് തെളിവുകൾ ശേഖരിച്ച് സൂക്ഷമമായി പരിശോധിക്കേണ്ടകുണ്ട്. രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട കേസായതിനാൽ ഓരോ ആരോപണങ്ങളും ഇഴകീറി പരിശോധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഡി.വെെ.എസ്.പി കൂട്ടിച്ചേർത്തു.

കൂടത്തായി കേസ്, വടകര താലൂക്ക് ഓഫീസിന് തീയിട്ട സംഭവം തുടങ്ങി ഒട്ടേറെ പ്രമുഖമായ കേസുകൾ ഡി.വൈ.എസ്.പി ആർ ഹരിദാസിന്റെ നേതൃത്വത്തിൽ അന്വേഷിച്ചിട്ടുണ്ട്. വടകര താലൂക്ക് ഓഫീസിന് തീയിട്ട പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടിക്കാനായതും അഭിമാനാർഹമായി. ഡി.വൈ.എസ്.പി ആർ ഹരിദാസിന്റെ നേതൃത്വത്തിൽ 15 അം​ഗ സംഘമാണ് പേരാമ്പ്രയിലെ കേസുകൾ അന്വേഷിക്കുന്നത്.