എരവട്ടൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭംവം: കുറ്റക്കാരെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: എരവട്ടൂരില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മിറ്റി. മെയ് 21 ന് രാത്രിയാണ് എരവട്ടൂര്‍ ചേനായി റോഡിന് സമീപമാണ് അപകടമുണ്ടായത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിവേദിനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഒടുവില്‍ ഇന്നലെ നിവേദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

വാഹനം ഇടിക്കുന്നത് മനപ്പൂര്‍വമായിരിക്കില്ല എന്നാല്‍ മനുഷ്യത്വമില്ലാതെ നിര്‍ത്താതെ പോകുന്നത് അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. നാളെകളില്‍ സമൂഹത്തില്‍ ഇത്തരം മനുഷ്യത്വമില്ലാത്ത പ്രവണതകള്‍ ഇല്ലാതാക്കുന്ന രൂപത്തിലുള്ള നിയമനടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ പേരാമ്പ്ര വെസ്റ്റ് മേഖല കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


Related News: കളി ചിരിയും തമാശയുമായി ഇനി അവനില്ല, കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിന് കണ്ണീരോടെ വിട ചൊല്ലി നാട് – Click Here to Read


പേരാമ്പ്രയിലെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു നിവേദ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന നിവേദിനെയും കാല്‍നടക്കാരനായ എരവട്ടൂരിലെ പാറപ്പുറം ചെല്ലച്ചേരി മൊയ്തിയേയും ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

വെള്ള/സില്‍വര്‍ കളര്‍ മാരുതി 800 കാര്‍ ആണ് ഇടിച്ചതെന്നാണ് സൂചന. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാര്‍ നിര്‍ത്താതെ പോയി. ഓടിയെത്തിയ പരിസരവാസികളും യാത്രക്കാരും ചേര്‍ന്നാണ് രണ്ടു പേരെയും പേരാമ്പ്രയിലെ ഇ.എം.എസ് സഹകരണ ആശുപത്രിയിലും, പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.

കീഴ്പ്പയ്യൂര്‍ ഒതയോത്ത് ഗംഗാധരന്റെയും ഷീബയുടേയും മകനാണ് നിവേദ്. സഹോദരി: ഹര്‍ഷ നന്ദ.