സ്കൂൾ വിട്ടുവരുന്ന വഴിയിൽ നായയുടെ ആക്രമണം; വടകര പുതുപ്പണത്ത് നായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്


വടകര: പുതുപ്പണത്ത് സ്കൂൾ വിദ്യാർഥിക്ക് നായയുടെ ആക്രമണത്തിൽ പരിക്ക്. സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിക്ക് നേരെയാണ് വളർത്തു നായയുടെ ആക്രമണം ഉണ്ടായത്. ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുപ്പണം ജെ.എൻ.എം ഹയർസെക്കന്ററി സ്‌കൂൾ ഒമ്പതാം തരം വിദ്യാർഥി സൗമിത് കൃഷ്ണനാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച‌ സ്ക്‌കൂൾ വിട്ടു വരുന്ന വഴിയിൽ സിദ്ധാന്തപുരം ക്ഷേത്രത്തിനടുത്താണ് സംഭവം. ഇതിനടുത്തുള്ള വീട്ടിൽ വളർത്തുന്ന നായയാണ് കടിച്ചത്. ഇരുപത്തിരണ്ടോളം കടിയാണ് സൗമിതിനേറ്റത്.

കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. കൈക്കും കാലിനും പിൻഭാഗത്തുമൊക്കെ കടിയേറ്റു. വടകര ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ കോഴിക്കോടേക്ക് റഫർ ചെയ്യുയ്തു.