കോടിക്കല്‍ ബീച്ചില്‍ രണ്ടാഴ്ച മുമ്പ് കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന ഡി.എന്‍.എ ഫലം പുറത്തുവന്നതായി റിപ്പോര്‍ട്ടുകൾ; സംസ്കരിച്ച മൃതദേഹം ആരുടേതെന്ന ആശയക്കുഴപ്പത്തിൽ ബന്ധുക്കളും നാട്ടുകാരും


മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന് ഡി.എന്‍.എ ഫലം ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

ജൂലൈ 17ന് രാവിലെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. ജൂണ്‍ ആറുമുതല്‍ കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ച് മൃതേദഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും കൂനംവള്ളിക്കാവിലെ വീട്ടില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെ മാധ്യമങ്ങളിലൂടെയാണ് ബന്ധുക്കള്‍ ഡി.എന്‍.എ ഫലം നെഗറ്റീവാണെന്ന വാര്‍ത്ത അറിഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി ഇതുസംബന്ധിച്ച് വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എസ്.പി തലത്തില്‍ പൊലീസില്‍ ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ വടകര കോസ്റ്റല്‍ പൊലീസിനും ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അവിടെനിന്നും പേരാമ്പ്ര ന്യൂസിനോടു പറഞ്ഞത്.

ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ വന്നതോടെ ആശയക്കുഴപ്പത്തിലാണ് ദീപക്കിന്റെ കുടുംബവും നാട്ടുകാരും. അന്ന് മൃതദേഹം കണ്ട ബന്ധുക്കളില്‍ ചിലര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും മൃതദേഹം ദീപക്കിന്റേതല്ലെന്ന സംശയമുണ്ടായിരുന്നു. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ അടയാളങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് മരിച്ചത് ദീപക് തന്നെയെന്ന് പിന്നീട് ഉറപ്പിച്ചത്. മൃതദേഹം തിരിച്ചറിയുമ്പോള്‍ മരണകാരണം എന്തെന്നറിയാതെ സുഹൃത്തുക്കളും ബന്ധുക്കളും നടുക്കത്തിലായിരുന്നു.

ദിവസങ്ങള്‍ക്കിപ്പുറം ഡി.എന്‍.എ പരിശോധനാഫലത്തില്‍ മൃതദേഹം ദീപക്കിന്റേതല്ലെന്ന് തിരിച്ചറിഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നതോടെ ദീപക്കിന് എവിടെയെന്ന ചോദ്യം നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

ഗള്‍ഫില്‍ ജോലിചെയ്ത് വരികയായിരുന്ന ദീപക്ക് ഏതാണ്ട് ഒരുവര്‍ഷത്തോളമായി നാട്ടില്‍ തന്നെയായിരുന്നു. ജൂണ്‍ ആറുമുതല്‍ ദീപക്കിനെ കാണാനില്ല. എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയശേഷം യാതൊരു വിവരവുമില്ലായിരുന്നെന്നാണ് മേപ്പയ്യൂര്‍ പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

എറണാകുളത്തേക്ക് പോയ ദീപക്കിന്റെ മൃതദേഹം എങ്ങനെ കോടിക്കൽ കടുപ്പുറത്ത്‌ എത്തി എന്നതിൽ അന്നേ സംശയമുയർന്നിരുന്നു. മരിച്ചത് ദീപക്കാവാനിടയില്ലെന്ന് പലരും സംശയവും പ്രകടിപ്പിച്ചിരുന്നു. ദീപക് മരിച്ചിട്ടില്ലെന്ന് ആശ്വാസ വാർത്ത കേൾക്കുമ്പോളും ദീപക്കെന്ന് കരുതി അടക്കം ചെയ്തതെത് ആരുടെ മൃതദേഹമാണെന്ന ചോദ്യമാണ് ഉയരുന്നത്.