ശരീരത്തിലെ മുറിവുകള്‍ വീഴ്ചയെത്തുടര്‍ന്നെന്ന് പോലീസ്; ബാലുശ്ശേരിയില്‍ എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തില്‍ സുപ്രധാന കണ്ടെത്തലുമായി അന്വേഷണസംഘം


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എരമംഗലം സ്വദേശി മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുമായി പോലീസ്. കൊളത്തൂര്‍ കരിയാത്തന്‍ കോട്ടയ്ക്കല്‍ ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കല്‍ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തിലാണ് സുപ്രധാന കണ്ടെത്തലുമായി അന്വേഷണസംഘം രംഗത്തെത്തിയിരിക്കുന്നത്.

ബിനീഷിന്റെ ശരീരത്തിലെ മുറിവുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബിനീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് വിവരശേഖരണം നടത്തിയതില്‍നിന്നാണ് പോലീസ് ഈ നിഗമനത്തിലെത്തിയതെന്ന് അന്വേഷണോദ്യോഗസ്ഥന്‍ അറിയിച്ചു. ബിനീഷിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ലെന്നും മുറിവുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കിയ വിവരം. പക്ഷേ, ബിനീഷ് വീണത് എങ്ങനെയാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ബിനീഷിന്റേത് ആള്‍ക്കൂട്ടക്കൊലപാതകമാണെന്നാണ് ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും ആരോപിക്കുന്നത്. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബിനീഷ്, ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. 27ന് രാത്രിയാണ് ക്ഷേത്രത്തില്‍ കൊടിയിറക്കല്‍ ചടങ്ങ് നടന്നത്. കൊടിയിറക്കല്‍ ചടങ്ങിനുശേഷം ചൊവ്വാഴ്ച രാവിലെയാണ് ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ ബിനീഷിനെ കണ്ടെത്തിയത്.

ക്ഷേത്രത്തിലെ കൊടിയിറക്കല്‍ ചടങ്ങിനിടെ ബിനീഷും ഒരുകൂട്ടം ആളുകളുമായി വാക് തര്‍ക്കമുണ്ടായതായും ഇവര്‍ സംഘം ചേര്‍ന്ന് ബിനീഷിനെ മര്‍ദിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.