ഒരു വര്‍ഷത്തിനിടെ നാല് ബോംബേറ്, എല്ലാം ഒരേ സ്വഭാവത്തിലുള്ള പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍; നൊച്ചാടെ ആക്രമ സംഭവങ്ങളെക്കുറിച്ച് സി.പി.എം നേതാവ് പി.കെ അജീഷ് എഴുതുന്നു
പി.കെ അജീഷ്
പേരാമ്പ്ര: പേരാമ്പ്രക്കാരുടെ പ്രത്യേകിച്ച് നൊച്ചാടുകാരുടെ ഉറക്കം കെടുത്തുന്ന പെട്രോള്‍ ബോംബാക്രമണങ്ങളുടെ പിന്നിലെ കാണാപുറങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തറന്നുകാട്ടുകയാണ് ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗമായ പി.കെ അജീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. പേരാമ്പ്രയിലേത് ഒരാഴ്ചയായി തുടരുന്ന അക്രമണങ്ങളല്ലെന്ന് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് മുളിയങ്ങലില്‍ തുടക്കമിട്ട പെട്രോള്‍ ബോംബേറ് സമാന സ്വഭാവത്തോടെ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നാകെ എടുത്ത തീരുമാനത്തിന്റെ ഭാഗമാണീ അക്രമങ്ങള്‍ എന്ന അഭിപ്രായമില്ലെങ്കിലും രാഷ്ട്രീയത്തില്‍ പക സൂക്ഷിക്കുന്ന ചില വ്യക്തികളും അരാജക സ്വഭാവം ഉള്ള ചില സംഘങ്ങളും രാഷ്ട്രീയത്തിന്റെ മറപറ്റിയാണ് ഓരോ ബോംബും എറിയുന്നതെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നൊച്ചാട് കത്തിക്കാൻ ഇറങ്ങിയവനേയും തീയണക്കാൻ സഹായം വാഗ്ദാനം ചെയ്തവനേയും പിടിച്ച് ഒന്ന് കുടഞ്ഞാൽ ഈ തീക്കളിക്ക് പിന്നിൽ ഉള്ളവരെ കിട്ടില്ലേ പോലീസേ….? ഇനി അന്വേഷണവും പ്രതികളെ കണ്ടെത്തലും ശിക്ഷ നടപ്പിലാക്കാനും എല്ലാം സി.പി.എം തന്നെ മുന്നിട്ട് ഇറങ്ങണം എന്നാണോ പോലീസും പറയുന്നത് ? സി.പി.എം നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി സ .എടവന സുരേന്ദ്രൻ്റെ വീടിന് നേരെ ഇന്നലെ രാത്രി പെട്രോൾ ബോംബ് എറിഞ്ഞവർക്ക് നേരെ പ്രതിഷേധം അല്ല നടപടിയാണ് വേണ്ടത്. അത് നീതി പൂർവ്വമായി നടപ്പിലാക്കാൻ പോലീസിന് കഴിയുമോ? പെട്രോൾ ബോംബുകൾ നാടിൻ്റെ സമാധാനം തകർക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരു വർഷം മുമ്പ് മുളിയങ്ങലിൽ തുടക്കമിട്ട പെട്രോൾ ബോംബേറാണ് സമാന സ്വഭാവത്തോടെ തുടർച്ചയായി ആവർത്തിക്കപ്പെടുന്നത്.
1- മുളിയങ്ങൽ നടുക്കണ്ടി കലന്തറുടെ വീടിന് നേരെ ഗൾഫിലെ സാമ്പത്തിക ഇടപാടിൻ്റെ പേരിൽ പെട്രോൾ ബോംബേറ്
(അവിടെ മണം പിടിക്കാൻ വന്ന ഡോഗ് സ്ക്കോഡും വിരലടയാള വിദഗ്ദരും എവിടെ പോയി ? )
2- നൊച്ചാട് നോർത്ത് എല്‍.സി ഓഫീസിന് നേരെ കഴിഞ്ഞ ദിവസം പെട്രോൾ ബോംബേറ് (തീ കെടുത്താൻ എഫ്ബി പോസ്റ്റ് വഴി സഹായ വാഗ്ദാനം)
3 യൂത്ത് കോൺഗ്രസ് നേതാവ് വെള്ളിയൂരിലെ വി.പി നസീറിൻ്റെ വീടിന് നേരെ മിനിയാന്ന് 11.30 ഓടെ പെട്രോൾ ബോംബേറ്
4 സ.എടവനയുടെ വീടിന് നേരെ ഇന്നലെ പുലർച്ചെ 1.30 ഓടെ പെട്രോൾ ബോംബേറ്
(എല്ലാം ഒരേ സ്വഭാവത്തിലുള്ള പെട്രോൾ ബോംബ് ആക്രമണങ്ങൾ തന്നെ. ഇത് തിരിച്ചറിയാൻ കുറ്റാന്വേഷണ ബുദ്ധിയൊന്നും ആവശ്യമില്ല സാമാന്യബുദ്ധി -common sence – ധാരാളമാണ് )
അർധരാത്രിയിൽ ഇറങ്ങി നടന്ന് ചില പ്രത്യേക സ്ഥലത്ത് ക്യാമ്പ് ചെയ്ത കമ്പനി കുടി കുടിച്ച ബീറിൻ്റെ കുപ്പിയിൽ പെട്രോളും നിറച്ച് ഒരു തിരിയും ഇട്ട് നാടിൻ്റെ സമാധാനത്തിന് തീ കൊളുത്താൻ ഇറങ്ങുന്ന തെമ്മാടികൂട്ടങ്ങളെ പോലീസിന് മനസിലായില്ലെങ്കിലും നാട്ടുകാർക്ക് നന്നായി തിരിച്ചറിയാം. ഇടയ്ക്ക് ഒരു തവണ യൂത്ത് കോൺഗ്രസ് നേതാവിനെ വീടിന് നേരെ ലക്ഷ്യം തെറ്റി എറിഞ്ഞ് പോയതുമല്ല. ആ ഏറ് ഒരു പുക മറ സൃഷ്ടിക്കാൻ ബോധപൂർവ്വം എറിഞ്ഞതാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും തിരിച്ചറിയാം.
ഇനിയിപ്പം നാട്ടിൽ സമാധാനം ഉണ്ടാക്കാൻ സമാധനഭംഗം ഉണ്ടാക്കുന്ന വ്യക്തികളെ തെരെഞ്ഞ് പിടിച്ച് അക്രമിച്ചാലേ സാധ്യമാവൂ എന്നാണോ….?
രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നാകെ എടുത്ത തീരുമാനത്തിൻ്റെ ഭാഗമാണീ അക്രമങ്ങൾ എന്ന അഭിപ്രായം ഒന്നും ഞങ്ങൾക്കില്ല… പക്ഷേ രാഷ്ട്രീയത്തിൽ പക സൂക്ഷിക്കുന്ന ചില വ്യക്തികളും അരാജക സ്വഭാവം ഉള്ള ചില സംഘങ്ങളും രാഷ്ട്രീയത്തിൻ്റെ മറപറ്റിയാണ് ഓരോ ബോംബും എറിയുന്നത് എന്ന് ഞങ്ങൾക്കറിയാം. വീടുകൾ ആക്രമിക്കുക എന്ന ശൈലി സി.പി.എം ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. സ്ത്രീകളും കുട്ടികളും അടക്കം ഒരു രാഷ്ട്രീയ തർക്കത്തിലും ഇടപെടാത്ത പാവങ്ങൾ സ്വസ്ഥമായി കിടന്നുറങ്ങുന്ന സ്ഥലം ആക്രമിക്കൽ അങ്ങേയറ്റം അപലപനീയവുമാണ്. അത്തരം ചില പ്രവർത്തനങ്ങൾ ഉണ്ടാവുമ്പോൾ പരസ്യമായി തള്ളിപ്പറയാനും അതിനൊക്കെ നേതൃത്വം കൊടുത്ത കുരുട്ടു ബുദ്ധികളെ തള്ളിക്കളയാനും ഈ പ്രസ്ഥാനം ഒരിക്കലും മടി കാണിച്ചില്ല. ഇരുളിൻ്റെ മറവിലെ അക്രമങ്ങൾ ഭീരുത്വമാണെന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. (അത്തരക്കാർക്ക് ഒക്കെ അഭയം കൊടുത്ത വർ ആലോചിക്കുക ‘ സ്വന്തം വീട് വരെ അക്രമിച്ച് രാഷട്രീയ ലാഭം മോഹിക്കുന്ന ചിലരൊക്കെ ഇപ്പം എവിടെ എന്ന് നാട്ടുകാർ കാണുനുണ്ടല്ലോ.)
ഒരിക്കൽ കൂടെ ഞങ്ങൾ പോലീസിനോട് പറയുന്നു’ ഭരിക്കുന്ന പാർട്ടിയൊക്കെ തന്നെയാണ്.ചെങ്കൊടി പിടിക്കുന്നവരെ ആക്രമിച്ചാൽ അവരുടെ വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിച്ചാൽ എന്നും ഇങ്ങനെ ക്ഷമിച്ചു നിൽക്കാൻ അതിനു മാത്രം സമാധാനവാദികളുടെ പ്രസ്ഥാനമൊന്നുമല്ല ഇത്. യുഡി.എഫ് നേതൃത്വത്തിലെ ചില നേതാക്കൻമാരുടെ സ്വകാര്യ സംഭാഷണത്തിലെ അഭിപ്രായങ്ങൾ കൂടെ ചേർക്കുന്നു.
കോൺഗ്രസ് നേതാവ്:
“പുതിയ ചിലർ പാർട്ടിയിലേക്ക് വന്നത് കൊണ്ട് വർഷങ്ങളായി സമാധനപരമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പരമ്പരാഗത കോൺഗ്രസുകാർക്ക് വരെ തല്ലി കിട്ടുന്ന സ്ഥിതിയായിട്ടുണ്ട്… പൈസയും കൊടുത്ത് കിടക്കുന്ന നായയെ വാങ്ങിയ സ്ഥിതിയിലാണ് ഞങ്ങൾ. മധുരിച്ചിട്ട് തുപ്പിയും കൂട കയ്ചിട്ട് ഇറക്കിയും കൂട എന്ന അവസ്ഥയിൽ ”
ലീഗ് നേതാവ്:
“ഞങ്ങളെ കൂട്ടത്തിലെ ചില കുട്ടികളെ നിയന്ത്രിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. കയ്യിലുള്ള ഫോണിൽ അവർ നടത്തുന്ന വെല്ലുവിളികൾ പാർടിയുടെ തലയിൽ ആവുന്ന സ്ഥിതി. നേതാക്കൻമാരുടെ മക്കൾ പോലും ഒരു വിഷയത്തിൽ പാർട്ടി രൂക്ഷമായി പ്രതികരിച്ചില്ലെങ്കിൽ തീവ്രമായി ചിന്തിക്കുന്നവരുടെ കൂട്ടത്തിൽ കൂടുന്ന അവസ്ഥ. സ്വപ്നയുടെ വെളിപാടുകളിൽ സത്യത്തിൽ ലീഗ് വല്ലാതെ ഏറ്റെടുത്തിട്ടൊന്നും ഇല്ല പക്ഷേ നമ്മുടെ നൊച്ചാട് സി.പി.എം നെ ചൊറിയാൻ ചില നവ മാധ്യമക്കാർ ഉണ്ട്. ഫേസ്ബുക്കിൽ നിങ്ങളെ വെല്ലുവിളിക്കുന്ന അവർ ലീഗിൻ്റെ തന്നെ വാട്സ് അപ് ഗ്രൂപ്പുകളിൽ ലീഗ് നേതൃത്വത്തെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. എന്ത് ചെയ്യും ?.”
അരാജക സ്വഭാവമുള്ള സംഘങ്ങളിൽ നിന്നും രാഷ്ട്രീയത്തെ മോചിപ്പിച്ചാലേ നാട്ടിൽ സമാധാനം ഉണ്ടാവൂ. സമാധാന ജീവിതത്തിന് തടസ്സമാവുന്ന വ്യക്തികളെ ഒറ്റപ്പെടുത്താൻ രംഗത്തിറങ്ങുക. പ്രതികളെ കൃത്യമായി കണ്ടെത്താനും ഇങ്ങോട്ട് കിട്ടിയതിന് പലിശ സഹിതം തിരിച്ചു കൊണ്ടുക്കാനും എല്ലാം ഉള്ള ശേഷി നൊച്ചാട്ടെ സി.പി.എം ന് കൂടിയിട്ടേ ഉള്ളൂ. പുതിയ തലമുറയിലെ പെട്രോൾ ബോംബ് നിർമ്മാതാക്കൾ ഒന്ന് വീട്ടിലെ മുതിർന്നവരോട് അന്വേഷിച്ചാൽ മതി. പോലീസും അതൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നന്നാവും.