നൊച്ചാട് സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; പോലീസുകാരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്


പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴെ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കും ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ ഹോം ഗാര്‍ഡ് അരവിന്ദന്‍, പൊലീസുകാരനായ സജിത്ത് എന്നിവരെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു പോലീസുകാരനായ പ്രഭീഷിനെ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബിന്‍ രാജിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇന്ന് സന്ധ്യയ്ക്ക് നൊച്ചാട് ചാത്തോത്ത് താഴെയാണ് സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായത്.

കെ.സി.സി.സി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വൈകുന്നേരം ചാത്തോത്ത് താഴെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതേ സമയം മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് ഇരു വിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടുകയായിരുന്നു.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. പൊലീസ് രണ്ട് ടിയര്‍ ഗ്യാസ് പൊട്ടിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.