രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പേരാമ്പ്രയിലും കോൺഗ്രസ് പ്രതിഷേധം; റോഡുപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി


പേരാമ്പ്ര: രാഹുല്‍ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് തകര്‍ത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. പേരാമ്പ്രയുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തുണ്ട്. പേരാമ്പ്ര കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി. പേരാമ്പ്ര പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

പേരാമ്പ്രയില്‍ റോഡ് ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി

ഇന്ന് വൈകുന്നേരത്തോടെയാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. കല്‍പ്പറ്റയിലെ എം.പി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. എം.പി ഓഫീസ് അടിച്ച് തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസില്‍ വാഴ നട്ടു. ഓഫീസിലേക്ക് തള്ളിക്കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ച ഓഫീസ് ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്പ്രയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ മധുകൃഷ്ണന്‍, ഡി.സി.സി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ.കെ വിനോദന്‍, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ രാഗേഷ്, മണ്ഡലം പ്രസിഡന്റമാരായ പി.എം പ്രകാശന്‍, മോഹന്‍ദാസ് ഓന്നിയില്‍, പി.എസ് സുനില്‍ കുമാര്‍, രാജന്‍ പുതിയേടത്ത്, പി.ടി സൂരജ്, എസ് സുനന്ത്, എന്നിവര്‍ നേതൃത്വം നല്‍കി.