‘പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടി, തൃക്കാക്കരയിലെ ചരിത്ര വിജയം പാര്‍ട്ടിയുടെ അടിത്തട്ടില്‍ വലിയ ഊര്‍ജ്ജമാകും’; കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ചരിത്ര വിജയമെന്ന് കോണ്‍ഗ്രസിന്റെ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍. ഇരുപത്തി അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തൃക്കാക്കരയില്‍ നേടിയ വന്‍ വിജയം പാര്‍ട്ടിയുടെ അടിത്തട്ടില്‍ വലിയ ഊര്‍ജ്ജമാകുമെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കേരളം ഏറെ ശ്രദ്ധിച്ച തെരഞ്ഞെടുപ്പാണ് തൃക്കാക്കരയില്‍ നടന്നത്. ഉമാ തോമസിന്റെ വിജയ വാര്‍ത്ത എത്തിയതിന് പിന്നാലെ പേരാമ്പ്ര ബ്ലോക്കിന് കീഴില്‍ അഞ്ച് പഞ്ചായത്തുകളിലായി നൂറിലേറെ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസും യു.ഡി.എഫും ആഹ്‌ളാദപ്രകടനം നടത്തി. ബ്ലോക്കിലെ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) കേന്ദ്രങ്ങളിലും വിജയാഘോഷം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള ജനങ്ങളുടെ മറുപടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം. ജനങ്ങളുമായി ചര്‍ച്ച നടത്താതെ മുതലാളിമാരോട് മാത്രം ചര്‍ച്ച നടത്തി പിന്‍വാതിലിലൂടെയാണ് കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്ലിം-ക്രിസ്ത്യന്‍ പ്രീണനമാണ് സി.പി.എം നടത്തുന്നത്. ഇതിനെല്ലാമുള്ള മറുപടിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കിയത്.’ -മധുകൃഷ്ണന്‍ പറഞ്ഞു.

മതേതരത്തിന്റെ മുഖവും പരിസ്ഥിതി സ്‌നേഹിയും തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയുമായ പി.ടി.തോമസിന്റെ മണ്ഡലമായിരുന്നു തൃക്കാക്കര. അദ്ദേഹത്തെ പോലെ തന്നെ മതേതരമുഖമുള്ള വ്യക്തയായ ഉമാ തോമസിനെയാണ് കോണ്‍ഗ്രസ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

കോണ്‍ഗ്രസിന്റെ ശക്തയായ സ്ഥാനാര്‍ത്ഥിയെ നേരിടാനായാണ് സി.പി.എം സര്‍വ്വശക്തിയും ഉപയോഗിച്ച് തൃക്കാക്കരയില്‍ പ്രചരണം നടത്തിയത്. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല എന്ന് അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ദിവസങ്ങളോളം തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്തത്.

അഭിപ്രായഭിന്നതകളെല്ലാം മറന്ന് ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ ഐക്യം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും. പേരാമ്പ്രയില്‍ ഉള്‍പ്പെടെ യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം ഊര്‍ജ്ജമാകുമെന്നും മധുകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.