ചക്കിട്ടപാറ-പെരുവണ്ണാമൂഴി റോഡ് തകര്‍ന്നു; വാഴ നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്


പേരാമ്പ്ര: ചക്കിട്ടപാറയില്‍ നിന്ന് പെരുവണ്ണാമൂഴിയിലേക്കുള്ള റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. റോഡ് നിറയെ കുണ്ടും കുഴിയുമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു.

നാല് കിലോമീറ്റര്‍ ദൂരമുള്ള റോഡ് പലയിടത്തും പാടെ തകര്‍ന്നിട്ടുണ്ട്. മഴയത്ത് വെള്ളം നിറയുന്നതോടെ കുഴികള്‍ യാത്രക്കാര്‍ക്ക് കാണാന്‍ കഴിയാതെയാവുകയും അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ബൈക്ക് യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.

കുഴികള്‍ അടയ്ക്കണമെന്നു പി.ഡബ്ല്യു.ഡി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മലയോര ഹൈവേയുടെ ഭാഗമായി റോഡിന്റെ പുനര്‍നിര്‍മാണം നടക്കാന്‍ പോകുന്നതിനാലാണ് നവീകരണജോലിക്ക് ഫണ്ട് നീക്കിവെക്കാത്തതെന്നാണ് പറയുന്നത്.

പ്രതിഷേധത്തിന് കോണ്‍ഗ്രസ് നേതാക്കളായ ബാബു കൂനന്തടം, ഷാജു മാളിയേക്കല്‍, എം.സി.സന്ദീപ്, ഇബ്രായി പാറച്ചാലില്‍, പ്രകാശന്‍ ഏരംപുറം എന്നിവര്‍ നേതൃത്വം നല്‍കി.