തമിഴ്‌നാട് ദിണ്ടിഗലിലെ വാഹനാപകടം; ശോഭയ്ക്കും ശോഭനയ്ക്കും വിട നൽകി മേപ്പയ്യൂർ ഗ്രാമം
മേപ്പയ്യൂർ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ വാഹനാപകടത്തിൽ മരിച്ച ശോഭയ്ക്കും ശോഭനയ്ക്കും വിട നൽകി മേപ്പയ്യൂർ ഗ്രാമം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മേപ്പയ്യൂർ ജനകീയ മുക്കിലെ ഇരുവരുടെയും വീടുകളിൽ മൃതദേഹം എത്തിച്ചത്. മക്കളും ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. ശേഷം രണ്ടരയോടെ മൃതദേഹങ്ങൾ വീട്ടുവളപ്പുകളിൽ സംസ്ക്കരിച്ചു.
സഹോരങ്ങളുടെ ഭാര്യമാരാണ് മരിച്ച ശോഭയും ശോഭനയും. ശോഭയുടെ മകൾ അശ്വതിയുടെ ഭർത്താവ് മിഥുൻ രാജ് തമിഴ്‌നാട്ടിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മിഥുന് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാൽ അവിടെയുള്ള സാധനങ്ങളുൾപ്പെടെ കൊണ്ടുവരുന്നതിനായി സഹായിക്കാനായിരുന്നു ഇവർ പോയത്. ഡിസംബർ 31ന് അർധരാത്രിയോടെയാണ് കുടുംബം കാറിൽ യാത്ര തിരിച്ചത്. വരുംവഴി മധുര ക്ഷേത്രത്തിലേക്ക് പോകവേ കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് കൂട്ടികൾ അടക്കം 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവാനി(3), ഇസാനി (3), മിയ മിതാലി (7), അശ്വതി (28), അരുന്ധതി (18), അഞ്ജലി (31), അജിത (40), ഉണ്ണികൃഷ്ണൻ (65), ഷിബിൻ (38), മിഥുൻ രാജ്(42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നത്തം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
പരേതനായ പാറച്ചാലിൽ ബാലകൃഷ്ണനാണ് ശോഭയുടെ ഭർത്താവ്. മക്കൾ: ഷെബിൻ (ബെവ്‌കോ), അശ്വതി കൃഷ്ണ.
മരുമക്കൾ: അഞ്ജലി, മിഥുൻരാജ്,
പരേതനായ ഗോവിന്ദനാണ് ശോഭനയുടെ ഭർത്താവ്.
മക്കൾ: സോജി, ഷോജി. മരുമക്കൾ: അരവിന്ദൻ (ഫുഡ് ആന്റ് സേഫ്റ്റി), പ്രദീപൻ പയ്യോളി (ഫയർഫോഴ്‌സ്).