കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം, സ്വർണ്ണം തട്ടിയെടുക്കാനായി നാലം​ഗ സംഘവും; അഞ്ചുപേർ അറസ്റ്റിൽ


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ കവര്‍ച്ചാസംഘം അറസ്റ്റില്‍. സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും സ്വര്‍ണം തട്ടിയെടുക്കാനെത്തിയ നാലുപേരുമാണ് പിടിയിലായത്. നാടകീയ രംഗങ്ങള്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളം സാക്ഷിയായത്.

മലപ്പുറം സ്വദേശി മഹേഷാണ് 974 ഗ്രാം സ്വർണം വിദേശത്ത് നിന്ന് കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ മൊയ്‌ദീൻ കോയ, മുഹമ്മദ് അനീസ്, അബ്ദുൽ റഊഫ്‌, സുഹൈൽ എന്നിവരാണ് മഹേഷിൽ നിന്ന് ഈ സ്വർണം തട്ടിയെടുക്കാനായി എത്തിയത്. അഞ്ച് പേരെയും കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.

അതിനിടെ, രണ്ട് ശ്രീലങ്കൻ വനിതകൾ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവുമായി പിടിയിലായി. കൊളംബോയിൽ നിന്ന് വിമാന മാർഗം കൊച്ചിയിലെത്തിയ സിദു മിനി മിസൻ സാല, സെവാന്തി ഉത്പാല എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൈയ്യോടെ പിടികൂടിയത്.

ഇരുവരും ഗുളിക രൂപത്തിലാക്കിയ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. 980 ഗ്രാം തൂക്കമുള്ള സ്വർണമാണ് ഇവരുടെ പക്കൽ നിന്ന് പിടികൂടിയത്. കസ്റ്റംസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിഭാഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Summary: Attempt to smuggle gold through Karipur airport, four-member gang to extort gold; Five people were arrested