കിടക്കാന്‍ കട്ടില്‍ ഇല്ലെന്ന് ഷാഫി പറമ്പില്‍ എം.പിയെ നേരിട്ടറിയിച്ച് പേരാമ്പ്ര നൊച്ചാട്ടെ വൃദ്ധ ദമ്പതികള്‍; മണിക്കൂറുകള്‍ക്കകം പുത്തന്‍ കട്ടിലുമായി വീട്ടിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


പേരാമ്പ്ര: നിര്‍ധനരായ വയോധികര്‍ക്ക് കിടക്കാന്‍ കട്ടില്‍ നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എം.പിയുടെ ഇടപെടല്‍. നൊച്ചാട് പഞ്ചായത്തിലെ കണ്ണമ്പത്ത് ചാല്‍ ഗോപാലന്‍ നായര്‍ക്കും ഭാര്യ കാര്‍ത്ത്യായനി അമ്മയ്ക്കുംവേണ്ടിയാണ് എം.പി സഹായവുമായെത്തിയത്. കിടക്കാന്‍ കട്ടില്‍ ഇല്ലെന്ന് എം.പിയെ ഫോണിലൂടെ അറിയിച്ച് മണിക്കൂറുകള്‍ക്കക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കട്ടിലുമായി എത്തുകയായിരുന്നു.

വീട്ടില്‍ ആകെ ഉണ്ടായിരുന്ന കട്ടില്‍ നശിച്ചതോടെ രണ്ടുപേരും പായ വിരിച്ചു നിലത്തായിരുന്നു കിടപ്പ്.
വയോജനങ്ങള്‍ക്ക് പഞ്ചായത്ത് നല്‍കുന്ന കട്ടിലിന് ഗോപാലന്‍ നായര്‍ അപേക്ഷ നല്‍കിയിരുന്നു. അര്‍ഹതയുണ്ടായിട്ടും മെമ്പറും ഭരണസമിതിയും കട്ടില്‍ നല്‍കാന്‍ തയാറായില്ലെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഓപ്പണ്‍ വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിന്റെ പ്രതികാര നടപടിയാണിതെന്നും ഇവര്‍ ആരോപിച്ചു. കട്ടില്‍ വേണമെങ്കില്‍ ഷാഫി പറമ്പിലിനോട് പോയി വാങ്ങണമെന്നും സ്ഥലം മെമ്പര്‍ അറിയിച്ചതായും വയോധികര്‍ പറഞ്ഞു.

ഗോപാലന്‍ നായരും ഭാര്യയും എം.പിയുടെ മൊബൈല്‍ നമ്പറില്‍ നേരിട്ട് വിളിച്ചു സങ്കടം പറഞ്ഞതിനെ തുടര്‍ന്ന് കട്ടില്‍ വീട്ടില്‍ എത്തുമെന്ന് എം.പി ഉറപ്പ് നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്തിനെ വിളിച്ചു വയോധികര്‍ക്ക് ഉടനെ സഹായം എത്തിക്കണമെന്ന് എം.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാല് മണിയോടെ മണിയോടെ പുത്തന്‍ ഡബിള്‍ക്കോട്ട് കട്ടില്‍ ഗോപാലന്‍ നായരുടെ വീട്ടിലെത്തി.