ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി കടയുടമ ഏല്‍പിച്ച സ്വര്‍ണവുമായി മുങ്ങി; എലത്തൂരില്‍ 15 പവനുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍
എലത്തൂര്‍: ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞ യുവാവിനെ എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശിയായ ഹക്കീബ് ജാബിദ് ഷൈഖ് (24) ആണ് അറസ്റ്റിലായത്. വെസ്റ്റ് ഹില്ലിലെ സ്വര്‍ണാഭരണ നിര്‍മാണശാലയിലെ ജോലിക്കാരനായ ഇയാള്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി കടയുടമ ഏല്‍പിച്ച സ്വര്‍ണവുമായാണ് മുങ്ങിയത്.
15 പവനുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. എലത്തൂര്‍ എസ്‌ഐ ഇ.എം. സന്ദീപും സംഘവും മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആഭരണത്തില്‍ നിന്ന് ഒരു മാല വളാഞ്ചരിയിലെ കടയില്‍ വിറ്റതായി തെളിഞ്ഞു. ബാക്കി സ്വര്‍ണം ഇയാളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.