ആളുകളെ ഇടിച്ചിട്ടും നിർത്താതെ പോയി, അപകടത്തിനിടയാക്കിയത് മാരുതി 800 കാർ; കീഴ്പ്പയൂരിലെ നിവേദിന്റെ മരണത്തിനിടയാക്കിയവരെ കണ്ടെത്താൻ നമുക്കും സഹായിക്കാം
പേരാമ്പ്ര: കീഴപ്പയ്യൂരിലെ നിവേദ് മരിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താനായില്ല. മെയ് 21-ന് രാത്രിയാണ് കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദിനെയും മറ്റൊരു കാൽനടയാത്രക്കാരനെയും ഇടിച്ചിട്ട് കാർ നിർത്താതെ പോയത്. പേരാമ്പ്ര ചാനിയംകടവ് റോഡിൽ ചേനായി റോഡ് ജംഗ്ഷനിലാണ് സംഭവം. നിവേദിന്റെ ദാരുണ മരണത്തിന് ഇടയാക്കിയ അജ്ഞാതരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണം പോലീസിന് സഹായകമാകും.
പേരാമ്പ്ര സൂപ്പർ മാർക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയതാണ് നിവേദ്. പേരാമ്പ്ര-ചാനിയം കടവ് റൂട്ടിൽ വീട്ടിലേക്ക് വരുന്ന വഴിക്ക് നിവേദ് സഞ്ചരിച്ച ബെെക്കും കാല്‍നടക്കാരനായ ഗായകന്‍ എരവട്ടൂരിലെ മൊയ്തിനേയും അഞ്ജാത വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിവേദിനെ നാട്ടുകാർ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെയ് 24-ാം തിയതി രാത്രി നിവേദ് മരണത്തിന് കീഴടങ്ങി.
ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന മാരുതി കാറാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. വെള്ള/സില്‍വര്‍ കളര്‍ മാരുതി 800 കാറാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. പൊലീസ് സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും നാളിതു വരെയായി ഇടിച്ച വാഹനത്തെയോ ആളുകളെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ കേസിന്റെ അന്വേഷണ ചുമതല മേപ്പയ്യൂർ എസ്എച്ച്ഒ ഉണ്ണികൃഷ്ണനാണ്.
ഈ അപകടം നടന്ന അതേ മാത്രയിൽ അവിടെ ഇരുചക്ര വാഹനത്തിലെത്തിയ സ്ത്രീയും പുരുഷനുമാണ് ഇവരെ ആദ്യം കാണുന്നത്. അവരാണ് യുവാവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും വിളിക്കുന്നതുമെല്ലാം. ഇവർ ഇടിച്ച വാഹനം കണ്ടതായി പൊലീസ് കരുതുന്നു. ഈ കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ നൽകി പൊലീസിനെ സഹായിക്കാൻ ഇവർക്ക് കഴിയും. വളരെ രഹസ്യമായി ഇവർക്ക് പൊലീസിനെ സമീപിച്ച് വിവരങ്ങൾ കൈമാറാമെന്നും യാതൊരുവിധ നിയമ നടപടികളിലും ഇവർ കക്ഷിയാവുക ഇല്ലെന്നും പൊലീസ് ഇൻസ്പക്ടർ അറിയിച്ചു. അവിടെ എത്തിയ വ്യക്തി നിങ്ങളാണ്ടെങ്കിൽ യാതൊരു സങ്കോചവും കൂടാതെ നിങ്ങൾ മേപ്പയ്യൂർ പൊലീസ് ഇൻസ്പക്ടറുമായി ബന്ധപ്പെട്ട് നിവേദിന്റെ കുടുംബത്തെ സഹായിക്കാനാവും.
ഒരുപാട് സ്വപ്നങ്ങളുമായി നടന്നിരുന്ന ഇരുപത്തിരണ്ടുകാരനായ നിവേദിനെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നത്. വാഹനം അപടത്തിനിടയാക്കിയെന്നും ആളുകൾക്ക് പരിക്കേറ്റെന്നും ബോധ്യപ്പെട്ടിട്ട് കാർ നിർത്താതെ പോയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.
Summary: A Maruti 800 car was involved in the accident-lets help to find the people who caused keezhpayur native Nivedh’s death