കൊയിലാണ്ടി ആനക്കുളത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം; നാല് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് കടയിലേക്ക് ഇടിച്ചു കയറിയത്.

കണ്ണൂരില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ടാറ്റ് പഞ്ച് ഇവിയാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ആയതിനാല്‍ കട നേരത്തെ പൂട്ടിയിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്. കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാറിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. ബെക്ക് യാത്രക്കാരനും കാര്‍ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്‌.

പരിക്കേറ്റവരെ നാട്ടുകാര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പിഷാരികാവ് ക്ഷേത്രത്തിലേക്ക് ആളുകള്‍ പോവുന്ന വഴിയായതിനാൽ നേരത്തെ ഇവിടെ വലിയ ആള്‍തിരക്ക് ഉണ്ടായിരുന്നു. എന്നാല്‍ അപകടസമയത്ത് ആരും തന്നെ ഉണ്ടാവാതിരുന്നത് വലിയ അപകടത്തിൽ നിന്നും രക്ഷിച്ചു.

Summary: A car that went out of control rammed into a shop in Koyilandi Anakulam, an accident; Four people were injured