സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസ്സില്‍ വച്ച് ഉറങ്ങിപ്പോയി, കുട്ടി അകത്തുള്ളതറിയാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു; ഖത്തറില്‍ നാലു വയസുകാരിയായ മലയാളി ബാലികയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം
ദോഹ: പിറന്നാള്‍ ദിനത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഖത്തറിലെ അല്‍വക്ര സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ.ജി 1 വിദ്യാര്‍ത്ഥിനിയും കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകളുമായ മിന്‍സ മറിയം ജേക്കബ് (നാല് വയസ്) ആണ് മരിച്ചത്.
സ്‌കൂള്‍ ബസില്‍ വച്ചാണ് മിന്‍സയുടെ മരണം സംഭവിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസ്സില്‍ വച്ച് കുട്ടി ഉറങ്ങിപ്പോവുകയായിരുന്നു. സ്‌കൂളിലെത്തി മറ്റ് വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയിട്ടും മിന്‍സ ഇറങ്ങാതിരുന്നത് ബസ് ജീവനക്കാര്‍ ശ്രദ്ധിച്ചില്ല.
എല്ലാ കുട്ടികളും ഇറങ്ങിയെന്ന ധാരണയില്‍ ജീവനക്കാര്‍ ബസ് പൂട്ടി പോയി. തുറസ്സായ സ്ഥലത്തായിരുന്നു ബസ് നിര്‍ത്തിയിട്ടിരുന്നത്.
പിന്നീട് രാവിലെ 11:30 ന് ഡ്യൂട്ടിക്കായി ജീവനക്കാര്‍ ബസ്സില്‍ തിരിച്ചെത്തിയപ്പോഴാണ് അകത്തുണ്ടായിരുന്ന കുട്ടിയെ കാണുന്നത്. ഉടന്‍ തന്നെ വാതില്‍ തുറന്നെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. ഖത്തറിലെ ഉയര്‍ന്ന അന്തരീക്ഷ താപനില താങ്ങാന്‍ കഴിയാതെയാകും കുട്ടി മരിച്ചത് എന്നാണ് അനുമാനം.
മകള്‍ക്ക് സുഖമില്ലെന്നും ഉടന്‍ ഭാര്യയെയും കൂട്ടി സ്‌കൂളിലെത്തണമെന്നുമുള്ള ഫോണ്‍ സന്ദേശം ലഭിച്ചതോടെയാണ് ഉച്ചയോടെ അഭിലാഷ് സ്‌കൂളിലെത്തിയത്. അപ്പോഴേക്കും മിന്‍സയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിലുന്നു.
മിന്‍സയുടെ മരണത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അനുശോചിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് ശേഷം ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മിന്‍സയുടെ നാലാം പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. സഹോദരി മിഖ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ മൂന്നാം തരം വിദ്യാര്‍ത്ഥിനിയാണ്. അല്‍ വക്ര ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പത്ത് വര്‍ഷം മുമ്പ് മറ്റൊരു ഇന്ത്യന്‍സ്‌കൂളിലും സമാനമായ ദുരന്തത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചിരുന്നു. തുടര്‍ന്ന് ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍തന്നെ സ്‌കൂളുകള്‍ തോറും ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് അംഗങ്ങള്‍ക്കുമായി ബോധവത്കരണവും സജീവമായി. ഓരോ അധ്യയനവര്‍ഷത്തിലും ബോധവത്കരണം സജീവമാക്കിയെങ്കിലും വലിയ ദുരന്തം ആവര്‍ത്തിച്ചതിന്റെ ഞെട്ടലിലാണ് എല്ലാവരും.
ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വര്‍ഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തു വരുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടാകുന്നത്. വൈദ്യശാസ്ത്രം സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി രൂപീകരിച്ച മലയാളി ഡോക്ടര്‍മാരുടെ സാമൂഹ്യമാധ്യമ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്ക്, പാമ്പുകളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സ്‌നേക്പീഡിയ ആപ്പ് എന്നിവയുടെ ഡിസൈനിങ് ജോലികള്‍ ചെയ്തത് അഭിലാഷ് ആയിരുന്നു.