സന്തോഷ വാർത്ത; നെല്യാടി റോഡ് സുരക്ഷിതപാതയാകുന്നു, നേരിട്ട് ഇടപെട്ട് കലക്ടർ


കൊയിലാണ്ടി: മേപ്പയൂര്‍-കൊല്ലം റോഡ് വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. അപകട വളവുകള്‍ സുരക്ഷിത പാതയാക്കാന്‍ സ്ഥലമേറ്റെടുത്ത് വികസിപ്പിക്കും. റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ വര്‍ഷങ്ങളായുള്ള ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമാകും.

മേപ്പയൂരില്‍ നിന്നും കൊല്ലം വരെ പത്ത് മീറ്റര്‍ വീതിയില്‍ 9.6 കിലോമീറ്റര്‍ നിളത്തിലാണ് റോഡ് വികസിപ്പിക്കുക. നിലവിലെ യാത്ര പ്രതിസന്ധിക്ക് കാരണമായ അപകട വളവുകളും കയറ്റവും കുറയ്ക്കും. പുതിയ നിര്‍മ്മാണത്തിലെ പിഴവുകള്‍ പൂര്‍ണ്ണമായി പരിഹരിക്കുന്നതിനാണ് കലക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. ഇരുചക്ര വാഹനക്കാര്‍ പതിവായി അപകടത്തില്‍ പെടുന്ന കല്ലങ്കി കയറ്റത്തിന്റെ ഉയരം കുറയ്ക്കും. കനത്ത മഴയില്‍ വെള്ളക്കെട്ടൊഴുവാക്കാന്‍ റോഡിന് കുറുകെ 43 ഓവുചാലുകള്‍ നിര്‍മ്മിക്കും. ഓടകളുടെ നിര്‍മ്മാണമുള്‍പ്പെടെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി റോഡ് വേഗത്തില്‍ ഗതാഗത യോഗ്യമാക്കാനാണ് നീക്കം.

കൂടുതല്‍ സ്ഥലമേറ്റെടുക്കുന്നതിന് വേണ്ടി വരുന്ന തുകയുള്‍പ്പെടെ 38.4 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൊയിലാണ്ടി-പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ദേശീയ പാതയിലേക്കുള്ള യാത്ര സുഗമമാക്കും. കലക്ടറോടൊപ്പം കൊയിലാണ്ടി തഹസില്‍ദാറും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക