വ്യാജബിരുദം, യോഗ്യത പത്താം ക്ലാസ് മാത്രം; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം


പേരാമ്പ്ര: പേരാമ്പ്രയില്‍ യുഡിഎഫ് പിന്‍തുണയോടെ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥി സി.എച്ച്.ഇബ്രായി കുട്ടി വോട്ടര്‍മാരെ കബളിപ്പിക്കുന്നുവെന്ന് വ്യാജ സര്‍വകലാശാല വിരുദ്ധ സമിതി.
നാമനിര്‍ദേശ പത്രികയില്‍ പത്താം ക്ലാസ് യോഗ്യതയാണ് ഇബ്രായി കുട്ടി ബോധിപ്പിച്ചത്. എന്നാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേരിനൊപ്പം ഇദ്ദേഹം വ്യാജ ഡോക്ടറല്‍ ബിരുദം ഉപയോഗിച്ച് വോട്ടര്‍മാരെ കബളിപ്പിക്കുന്നുവെന്നാണ് ആരോപണം.

ഇദ്ദേഹം സി.ഇ.ഒ ആയ കമ്പനിയുടെ ഔദ്ധ്യോഗിക വെബ്‌സൈറ്റില്‍ (charishma.com) Dr.Ebrayi Kutty CH, D.Litt – USA എന്ന് കാണിച്ചിട്ടുണ്ട്. ഇദ്ദേഹം ഈ ബിരുദം പണം കൊടുത്തു നേടിയതാണെന്നും ആരോപിക്കുന്നു.

ബിരുദം കൈപ്പറ്റിയിട്ടുള്ളത് സെല്‍വിന്‍ കുമാര്‍ എന്ന വ്യക്തിയില്‍ നിന്നാണെന്നു കാണിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സെല്‍വിന്‍ കുമാര്‍ സ്വന്തമായി രണ്ട് വ്യാജ സര്‍വകലാശാലകള്‍ നടത്തുന്നുണ്ടെന്നും വ്യാജ സര്‍വകലാശാല വിരുദ്ധ സമിതി. വിദ്യാര്‍ത്ഥിസംഘടനകളുടെ നേതൃത്വത്തിലടക്കം വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നു. കഴിഞ്ഞ കേരള നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചു. ഇബ്രായി കുട്ടിയെ പേരാമ്പ്രയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്നാണ് വ്യാജ സര്‍വകലാശാല വിരുദ്ധ സമിതി പറയുന്നത്.