വിജയം ആവര്‍ത്തിച്ച് എല്‍.ഡി.എഫ്; കൂമ്പാറയില്‍ എല്‍.ഡി.എഫിനു മുമ്പില്‍ പൊരുതി തോറ്റ് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി, കോഴിക്കോട്ടെ ഉപതിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ


കോഴിക്കോട്: ജില്ലയിലെ മൂന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടത്തും വിജയം സ്വന്തമാക്കി എല്‍.ഡി.എഫ്. നന്മണ്ടയും കൂമ്പാറയും എല്‍.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ ഉണ്ണികുളം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് ഇത്തവണയും യു.ഡി.എഫിനൊപ്പം നിന്നു.

കാനത്തില്‍ ജമീലയും ലിന്റോ ജോസഫും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നന്മണ്ട ഡിവിഷനിലും കൂമ്പാറ വാര്‍ഡിലും ഉപതിരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ലീഗ് അംഗമായിരുന്ന ഇ.ഗംഗാധരന്റെ മരണത്തെ തുടര്‍ന്നാണ് ഉണ്ണിക്കുളത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

യുഡിഎഫിലെ കെ ജമീലയെ 6753 വോട്ടിനാണ് റസിയ തോട്ടായി തോല്‍പ്പിച്ചത്. ഭൂരിപക്ഷത്തില്‍ നേരിയ കുറവ് വന്നെങ്കിലും എല്‍.ഡി.എഫിന് സീറ്റ് നിലനിര്‍ത്താനായി. കാനത്തില്‍ ജമീല 8094 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ്സിലെ സലീന റഹീമിനെ പരാജയപ്പെടുത്തിയത്.

എല്‍.ഡി.എഫും യു.ഡി.എഫും വാശിയേറിയ പോരാട്ടം കാഴ്ചവെച്ച കൂമ്പാറയില്‍ ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിന് സീറ്റ് നിലനിര്‍ത്താനായത്. ആദര്‍ശ് ജോസഫിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്തിയാക്കിയപ്പോള്‍ കൂമ്പാറ തിരിച്ച് പിടിക്കാനായി ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി സുനേഷ് ജോസഫിനെ കളത്തിലിറക്കി വാശിയേറിയ പോരാട്ടമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയിരുന്നിട്ടുപോലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ശക്തമായ പോരാട്ടമാണ് ഇരു പാര്‍ട്ടികളും നടത്തിയത്. വോട്ടെണ്ണലിന്റെ അവസാനംവരെ സസ്പെന്‍സ് നിറഞ്ഞതായിരുന്നു കൂമ്പാറയിലെ മത്സരം.

ലിന്റോ ജോസഫിനെ എം.എല്‍.എ.യായി തിരഞ്ഞെടുത്തതിനെത്തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലിന്റോ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. യു.ഡി.എഫ് വാര്‍ഡായിരുന്ന കൂമ്പാറ 212-വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ പിടിച്ചെടുത്തത്.

കൈവിട്ട് പോയ സീറ്റ് തിരികെ പിടിക്കാനായി പ്രാദേശിക നേതാക്കളെ അണിനിരത്തി ചിട്ടയായ പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്. എല്‍.ഡി.എഫിനായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പ്രചാരണത്തിനെത്തുകയുണ്ടായി.

ജില്ലയിലെ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ണിക്കുളത്തെ ഫലം മാത്രമാണ് യു.ഡി.എഫിന് അമുകൂലമായത്. 530 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയത്. ഒ.എം.ശശീന്ദ്രനാണ് എല്‍.ഡി.എഫിന്റെ കെ.വി പുഷ്പരാജനെ പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗ് അംഗമായിരുന്ന ഇ.ഗംഗാധരന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്‍.ഡി.എക്ക് വേണ്ടി കരുണാകരന്‍ മുപ്പറ്റച്ചാലിലാണ് മത്സരരംഗത്തുണ്ടായിരുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.