മഴ വന്നതോടെ ചെളിക്കുളമായി റോഡ്; വടക്കുമ്പാട്-വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡില്‍ ഇരുമ്പുഷീറ്റുകളും കോണ്‍ക്രീറ്റ് ബോര്‍ഡും വിരിച്ച് നടപ്പാതയൊരുക്കി നാട്ടുകാര്‍
പേരാമ്പ്ര: മഴ വന്നതോടെ ചെളിക്കുളമായി റോഡ്. ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട്-വഞ്ചിപ്പാറ റോഡിലുടെയാണ് ഇപ്പോള്‍ കാല്‍നടപോലും ദുസ്സഹമാകുന്ന തരത്തില്‍ ശോചനീയമായത്. റോഡ് നിര്‍മ്മാണം യഥാസമയം പൂര്‍ത്തീകരിക്കാത്തതാണ് റോഡിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് ചെളിക്കുളമായി നടക്കാന്‍പോലും പ്രയാസമായതോടെ ഇരുമ്പുഷീറ്റുകളും കോണ്‍ക്രീറ്റ് ബോര്‍ഡും റോഡില്‍ വിരിച്ച് നടപ്പാത ഒരുക്കിയിരിക്കുകയാണ് പ്രദേശവാസികള്‍.
മാണിക്കാംകണ്ടിതാഴ ഭാഗംമുതല്‍ ഗോപുരത്തിലിടംവരെയുള്ള ഭാഗമാണ് കാല്‍നടയാത്രപോലും പ്രയാസമായത്. മഴ കൂടുതല്‍ ശക്തമാകുന്നതോടെ കൂടുതല്‍ ബുദ്ധിമുട്ടിലാകും. റോഡ് ചെളിക്കുളമായതോടെ കരാറുകാരന്‍ മുമ്പ് കൊണ്ടുവന്നിട്ട ഇരുമ്പുഷീറ്റുകള്‍ ഇട്ടാണ് മാണിക്കാംകണ്ടിതാഴെമുതല്‍ വഞ്ചിപ്പാറവരെയുള്ള ഭാഗത്ത് നടപ്പാതസൗകര്യം ഒരുക്കിയത്. കഴിഞ്ഞവര്‍ഷം മഴക്കാലത്തും റോഡിന്റെ അവസ്ഥ സമാനമായിരുന്നു.
രണ്ടുവര്‍ഷംമുമ്പ് പ്രവൃത്തി തുടങ്ങിയ റോഡാണ് ഇപ്പോഴും പാതിവഴിയില്‍ കിടക്കുന്നത്. വടക്കുമ്പാട്-വഞ്ചിപ്പാറ ഗോപുരത്തിലിടം വരെയുള്ള 3.300 കിലോമീറ്റര്‍ ദൂരം അഞ്ചുകോടി ചെലവില്‍ ബി.എം.ആന്‍ഡ് ബി.സി. നിലവാരത്തില്‍ പുനര്‍നിര്‍മിക്കാനായിരുന്നു പദ്ധതി. എട്ടുമാസംകൊണ്ട് പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍, 21 മാസംകൊണ്ട് ഒരുശതമാനം പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിച്ചത്. റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതിനെത്തുടര്‍ന്ന്, ആദ്യം കരാറെടുത്ത കാസര്‍കോട് സ്വദേശിയെ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പൊതുമരാമത്തുവകുപ്പ് ഒഴിവാക്കുകയായിരുന്നു.
പിന്നീട് റീടെന്‍ഡര്‍ നടത്തിയപ്പോള്‍ എറണാകുളം സ്വദേശി കരാറെടുത്തെങ്കിലും നിശ്ചിതസമയത്തിനകം എഗ്രിമെന്റ് ഒപ്പുവെച്ച് പ്രവൃത്തി തുടങ്ങാത്തതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒഴിവാക്കേണ്ടിവന്നു.ഒടുവില്‍ കഴിഞ്ഞമാസം മൂന്നാമത്തെ ടെന്‍ഡറില്‍ മറ്റൊരു കാസര്‍കോട് സ്വദേശിയാണ് കരാറെടുത്ത് എഗ്രിമെന്റ് വെച്ചിട്ടുണ്ട്. 4.8 കോടിയാണ് അവശേഷിക്കുന്ന പ്രവൃത്തിയുടെ അടങ്കല്‍. ഈ പ്രവൃത്തി എന്നു പൂര്‍ത്തിയാകുമെന്നറിയാതെ കാത്തിരിക്കുകയാണ് നാട്ടുകാര്‍.