ബൂത്തില്‍ വെളിച്ചമില്ല; സ്‌കൂളിലെ മേല്‍ക്കൂരയിലെ ഓടിളക്കി മാറ്റി വോട്ടെടുപ്പ് നടത്തി


കക്കോടി: വെളിച്ചക്കുറവ് മൂലം കോഴിക്കോട് കക്കോടി പഞ്ചായത്തിലെ ബൂത്തില്‍ വോട്ടെടുപ്പ് നടത്തിയത് മേല്‍ക്കൂരയിലെ ഓടിളക്കി. മാതൃബന്ധു വിദ്യാശാല യുപി സ്‌കൂളിലെ 131 എ ഓക്സിലറി ബൂത്തിലാണ് സംഭവം.

വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴു മണിയോടെ വോട്ടര്‍മാര്‍ വെളിച്ചക്കുറവ് സംബന്ധിച്ച് ബൂത്ത് കണ്‍വീനര്‍ എ.കെ. ബാബുവിനെയും ചെയര്‍മാന്‍ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാന്‍ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മേല്‍ക്കൂരയിലെ ഓട് ഇളക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വെളിച്ചക്കുറവിനെ കുറിച്ച് തിങ്കളാഴ്ച വൈകീട്ടു തന്നെ സൂചന നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഗൗനിച്ചില്ലെന്നാണ് ആരോപണം.