പ്രണയം മധുരിക്കാത്ത കേരളം; നാല് വര്‍ഷത്തിനിടെ ‘പ്രേമിച്ച്’ മരിച്ചത് 350 സ്ത്രീകള്‍


തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തില്‍ 350 സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് കണക്കുകള്‍. മുസ്ലിം ലീഗ് എംഎല്‍എ ഡോ. എംകെ മുനീറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 മുതല്‍ 2020 വരെയുള്ള കണക്കാണ് മന്ത്രി അവതരിപ്പിച്ചത്. 350 മരണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെടുകയായിരുന്നു.

2017ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്ന് കൊലപാതകങ്ങളും 80 ആത്മഹത്യകളുമാണ് അക്കൊല്ലം റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ പ്രണയം മൂലം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 76 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

2019ല്‍ അഞ്ചു കൊലപാതകങ്ങളും 88 ആത്മഹത്യകളും ഉള്‍പ്പെടെ 93 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രണയബന്ധങ്ങളുടെ പേരില്‍ 2020ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

നൊമ്പരമായി കെവിനും ആതിരയും

മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന ദുരഭിമാനക്കൊലകളുടെ വാര്‍ത്തകള്‍ മാത്രമേ സമീപകാലത്ത് മലയാളിക്ക് പരിചയമുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2018 മെയ് 27ന് കെവിന്‍ എന്ന ചെറുപ്പക്കാരന്റെ കൊലപാതകവും 2018 മാര്‍ച്ച് 22ന് ആതിരയെന്ന 21 കാരിയുടെ കൊലപാതകവും കേരളത്തെ ഞെട്ടിച്ചു. 23കാരനായ കെവിനെ പ്രണയിനിയായ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോള്‍ അന്യജാതിക്കാരനെ പ്രണയിച്ചതിന് ആതിരയെ കൊലപ്പെടുത്തിയ കേസില്‍ സ്വന്തം അച്ഛന്‍ തന്നെയാണ് അറസ്റ്റിലായത്. അമ്മയടക്കമുള്ള പ്രധാന സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതിയായ രാജനെ പിന്നീട് കോടതി വെറുതെ വിട്ടു.

കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ ഉറച്ച നിലപാടിനെ തുടര്‍ന്ന് പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ദലിത് ക്രിസ്ത്യാനിയായ കെവിനെ നീനു വിവാഹം ചെയ്യുന്നത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ബന്ധം തുടര്‍ന്നതോടെ കെവിനെ നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

 

മാനസ, ദൃശ്യ, സൗമ്യ…; പ്രണയപ്പകയുടെ പട്ടിക

പ്രണയം നിരസിച്ചതിനും കേരളത്തില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. കേരളത്തെ ആകെ നൊമ്പരത്തിലാക്കിയ സംഭവമായിരുന്നു മാനസ കൊലപാതകം. ഡെന്റല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന മാനസയെ പിന്തുടര്‍ന്ന് രഖില്‍ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. മാനസ പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും ആത്മഹത്യ ചെയ്തു. കോതമംഗലത്ത് മാനസ താമസിക്കുന്ന ഹോസ്റ്റലില്‍ കയറിയായിരുന്നു കൊലപാതകം. മാനസയെ ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അതിനായി ബിഹാറില്‍ പോയി തോക്ക് വാങ്ങി ദിവസങ്ങളോളം അവസരത്തിനായി കാത്തിരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം.

പെരിന്തല്‍മണ്ണയിലെ ദൃശ്യയും പ്രണയം നിരസിച്ചതിന്റെ പേരിലാണ് കൊല്ലപ്പെട്ടത്. 21കാരിയായ ദൃശ്യയെ സഹപാഠി വിനീഷാണ് വീട്ടില്‍ക്കയറി കുത്തിക്കൊന്നത്. ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരിക്കും പരിക്കേറ്റിരുന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കേരളത്തെ നടുക്കിയ മറ്റൊരു സംഭവമായിരുന്നു പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകം. 2019 ജൂണിലായിരുന്നു സംഭവം. സൗമ്യയെ ശല്യം ചെയ്തിരുന്ന അജാസ് എന്ന മറ്റൊരു പൊലീസുദ്യോഗസ്ഥനാണ് സൗമ്യയെ വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. അറസ്റ്റിലാകും മുമ്പ് അജാസ് ആത്മഹത്യ ചെയ്തു. പ്രണയത്തിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികള്‍ ഇക്കാലയളവില്‍ ആക്രമണത്തിനും ഇരയായി. ഇതിന് പുറമെ, സ്ത്രീധന പീഡനത്തെ തുടര്‍ന്നും ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നും നിരവധി സ്ത്രീകള്‍ ഇക്കാലയളവില്‍ ആത്മഹത്യ ചെയ്തു.