പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വികസനത്തിന് ബജറ്റില്‍ നിരവധി പദ്ധതികള്‍


പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകയിരുത്തി. കടിയങ്ങാട്-പെരുവണ്ണമൂഴി-പൂഴിത്തോട് റോഡ് നവീകരണം, മേപ്പയ്യൂര്‍ ടൗണ്‍ നവീകരണം, കൂടാതെ ചേനായിക്കടവ് പാലം, ചവറം മൂഴി പാലം, പൂഴിത്തോട് -എക്കല്‍പാലം എന്നിവയുടെ നിര്‍മ്മാണത്തിനുമാണ് ഫണ്ട് അനുവദിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ റോജുകളുടെ വികസനത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

3.6 കോടി രൂപയാണ് കടിയങ്ങാട് – പെരുവണ്ണാമൂഴി – പൂഴിത്തോട് റോഡ് നവീകരണത്തിന് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. 18 കോടിയുടെ പ്രവര്‍ത്തിയാണ് 17 കിലോമീറ്റര്‍ റോഡ് നവീകരണത്തിന്റെ അടങ്കല്‍ തുക കണക്കാക്കുന്നത്.

കുറ്റ്യാടിപുഴയ്ക്ക് കുറുകെയുള്ള ചവറം മൂഴി പാലം, പേരാമ്പ്ര വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേനായിക്കടവ് പാലം, ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് -എക്കല്‍പാലം എന്നിവയുടെ നിര്‍മ്മാണത്തിനും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.

ചേനായി-പെരുവയല്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് 130 മീറ്റര്‍ നീളത്തിലാണ് ചേനായി പാലം നിര്‍മിക്കുക. പാലത്തിനായി ഒമ്പത് കോടിയുടെ അടങ്കല്‍ തയ്യാറാക്കിയിട്ടുണ്ട്.

ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിന് സമീപം മരുതോങ്കര പഞ്ചായത്തിനെയും ചക്കിട്ടപാറ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് പൂഴിത്തോട് -എക്കല്‍ പാലം വരിക. 6.16 കോടിയുടെ അടങ്കല്‍ നേരത്തേ പാലത്തിനായി തയ്യാറാക്കിയതാണ്. അപ്രോച്ച് റോഡിനായി 21.7 സെന്റ് സ്ഥലം നേരത്തേ റവന്യൂ വിഭാഗം ഏറ്റെടുത്തതാണ്.

പൂഴിത്തോട് എക്കല്‍മല പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ക്കായി അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ നേരത്തേ അനുവദിച്ചിരുന്നു. മാവട്ടം, പൂഴിത്തോട്, കുറത്തിപ്പാറ മേഖലയിലുള്ളവര്‍ക്ക് മരുതോങ്കര, പശുക്കടവ് മേഖലയിലേക്ക് യാത്ര ചെയ്യാന്‍ പാലം സ്ഥാപിക്കുന്നത് ഏറെ സഹായകമാകും.

പേരാമ്പ്ര ടൗണില്‍ ആധുനിക രീതിയില്‍ മള്‍ട്ടിലവല്‍ കാര്‍പാര്‍ക്കിങ് സെന്ററും, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും സാംസ്‌കാരിക കേന്ദ്രവും നിര്‍മിക്കാനും പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ പുതിയ കെട്ടിടം നിര്‍മിക്കാനും പേരാമ്പ്ര പദ്ധതിയുണ്ട്. അതോടൊപ്പം വെളിയണ്ണൂര്‍ ചല്ലിയില്‍ തരിശുനിലം കൃഷിയോഗ്യമാക്കല്‍, കീഴരിയൂര്‍ നായാടന്‍പുഴ പുനരുദ്ധാരണം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

മേപ്പയ്യൂര്‍ ടൗണിന്റ നവീകരണത്തിനായി 40 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. രണ്ടുകോടി ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. പാലങ്ങളുടെയും റോഡുകളുടെയും നിര്‍മാണമടക്കം മറ്റ് പദ്ധതികള്‍ക്ക് ടോക്കണ്‍ തുകയും വകയിരുത്തിയിട്ടുണ്ട്.

പേരാമ്പ്ര എടവരാട് റോഡ്, പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ്, മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍- വള റോഡ്, നരിനട- കൂരാച്ചുണ്ട് റോഡ് തുടങ്ങിയവയുടെ നവീകരണത്തിനും ബജറ്റില്‍ തുക വകയിരുത്തി.

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക