പുഴുവരിച്ച അരി കണ്ടെടുത്തു, യുഡിഎഫ് പ്രതിഷേധത്തില്‍
കൊയിലാണ്ടി: കൊയിലാണ്ടി മുബാറക് റോഡില്‍ റേഷന്‍ ഗോഡൗണില്‍ നിന്നും 160 ചാക്ക് റേഷന്‍ അരി പുഴുവരിച്ച നിലയില്‍ കണ്ടെടുത്തു. റേഷന്‍ കടകളിലും,സ്‌കൂളുകളിലും വിതരണത്തിന് കൊണ്ട് പോവുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു.
ലോറി ഡ്രൈവറെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞ് വെക്കുകയും കൊയിലാണ്ടി പോലീസ്, ഫുഡ് & സേഫ്റ്റി ഓഫീസര്‍, നഗരസഭ ഹെല്‍ത്ത് വിഭാഗം എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു. കൊവിഡ് സമയത്ത് റേഷന്‍ കടകളില്‍ വിതരണം നടത്താനെത്തിച്ച അരികളാണ് വിതരണം നടത്താതിനാല്‍ പുഴുക്കള്‍ നിറഞ്ഞ അവസ്ഥയില്‍ കണ്ടെത്തിയതെന്നാണ് ആരോപണം.
യു.ഡി.എഫ്. സ്ഥാനാത്ഥി എൻ.സുബ്രഹ്മണ്യൻ, ഡി.സി.സി പ്രസിഡണ്ട് യു. രാജിവൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് ഫുഡ് & സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ് അഷ്റഫ് സ്ഥലം സന്ദർശിക്കുകയും പുഴുവരിച്ച നിലയിലുള്ള അരികളുടെ സേമ്പിൾ പരിശോധനക്കായി കൊണ്ട് പോവുകയും ചെയ്തു.
കെ.പി.സി.സി. മെംബർ രത്നവല്ലി, കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ സന്തോഷ് തിക്കോടി, രാജേഷ് കീഴരിയൂർ, നടേരി ഭാസ്ക്കരൻ, സയ്യിദ് ഹുസ്സൈൻ ബാഫഖി, കെ.എം.നജീബ് , ബാസിത്ത്, അഡ്വ.ഉമേന്ത്രൻ, രജീഷ് വെങ്ങളത്ത്ക്കണ്ടി, എം.കെ. ജാനിബ്, അൻസാർ കൊല്ലം, ടി.സി. നിസാർ എന്നിവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.