പയ്യോളി ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതി അറസ്റ്റില്‍, മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
പയ്യോളി: പയ്യോളി പ്രശാന്തി ജ്വല്ലറിയില് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) നെയാണ് പോലീസ് പിടികൂടിയത്. മറ്റൊരു കേസില്‍ എടച്ചേരി പോലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പയ്യോളിയിലെ കവര്‍ച്ച സംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്നു കോടതി മുഖാന്തിരം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ജ്വല്ലറിയില്‍ എത്തിച്ച പ്രതിയെ ഉടമ പ്രതീഷും ജീവനക്കാരന്‍ സജീവനും തിരിച്ചറിഞ്ഞു.കേസിനാസ്പദമായ സംഭവം നടന്നത് 2020 ഒക്ടോബര്‍ അഞ്ചിനാണ്. ജ്വല്ലറിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ജ്വല്ലറിക്ക് അകത്തു കയറി സ്വര്‍ണാഭരണം തട്ടിയെടുത്ത് ബൈക്കില്‍ കയറി വടകര ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ട്രേയിലുള്ള ആഭരണങ്ങള്‍ അടുക്കിവെക്കുന്നതിനിടെയാണ് ജ്വല്ലറി ഉടമപ്രതീഷിന്റെ കയ്യില്‍ നിന്ന് തട്ടിയെടുത്തത്. കടയില്‍ മറ്റൊരു ജീവനക്കാരന്‍ കൂടിയുണ്ടായിരുന്നു. മോഷണ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. പ്രതിക്കെതിരെ നിരവധികേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.2021 ജനുവരി 14 ന് ഓര്‍ക്കാട്ടേരി ടൗണിലെ മലഞ്ചരക്ക് കടയായ സബീന സ്റ്റോര്‍ കുത്തിത്തുറന്ന് 70,000 രൂപ മതിപ്പുള്ള 200 കിലോ അടക്ക മോഷണം പോയ കേസില്‍ പ്രതികളെ അന്വേഷിക്കുകയായിരുന്നു എടച്ചേരി പൊലീസ്. അന്വേഷണത്തിനൊടുവിലാണ് മുജീബിനെ പിടികൂടിയത്.കൊണ്ടോട്ടിയിലും കൊടുവള്ളി വട്ടോളിയിലും അരീക്കോട് കടുങ്ങല്ലൂര്‍ മാര്‍ക്കറ്റിലും ഇയാള്‍ മോഷണം നടത്തിയെന്നും മോഷണ മുതലുകള്‍ പേരാമ്പ്രയിലും മൈസൂര്‍ മാര്‍ക്കറ്റിലും വില്‍പന നടത്തിയയെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ മുപ്പതോളം കേസുകള്‍ നിലവില്‍ ഉള്ളതായി പോലീസ് . പയ്യോളി എസ്‌ഐ വി.ആര്‍ വിനീഷ്, എസ് ഐ എന്‍. കെ. ബാബു എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.