കോണ്‍ഗ്രസ് വിശ്വാസ സംരക്ഷകരെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു; സുനില്‍കുമാര്‍ കര്‍ക്കളെ


കൊയിലാണ്ടി: തങ്ങളാണ് വിശ്വാസ സംരക്ഷകര്‍ എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കര്‍ണാടക ഗവ.ചീഫ് വിപ്പും ബിജെപി സംസ്ഥാന സഹ പ്രഭാരിയുമായ സുനില്‍കുമാര്‍ കര്‍ക്കളെ. ബിജെപി ശബരിമല പ്രക്ഷോഭം നടത്തുന്ന സമയത്ത് അന്‍പതിനായിരത്തില്‍പരം പ്രവര്‍ത്തകര്‍ കേസുകളില്‍ പ്രതികളായിരുന്നു. എന്നാല്‍ ഒരു കേസില്‍ പോലും പ്രതികള്‍ ആകാത്ത കോണ്‍ഗ്രസുകാരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തങ്ങളാണ് വിശ്വാസ സംരക്ഷകര്‍ എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി നിയോജകമണ്ഡലം ബിജെപിയുടെ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ഒന്നിച്ചു മത്സരിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും കേരളത്തില്‍ ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് അന്യോന്യം മത്സരിക്കുകയാണ്. ബിജെപി ജയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ വികസനം നടക്കുന്നുള്ളു. മറ്റ് സ്ഥലങ്ങളില്‍ പിന്നോക്കം പോവുകയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഘത്തില്‍ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സീ കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി,ജില്ലാ പ്രസിഡണ്ട് വി കെ സജീവന്‍ പാര്‍ട്ടി പരിപാടികള്‍ വിശദീകരിച്ചു, മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് എസ് ആര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറി ചക്രായുധന്‍, ട്രെഷറര്‍ വി കെ ജയന്‍, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, കെ വി സുരേഷ്, വായനാരി വിനോദ്, അഡ്വ.വി സത്യന്‍, ടി കെ പത്മനാഭന്‍,എന്നിവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക