കോണ്‍ക്രീറ്റ് തടയണകള്‍ നീക്കിയില്ല; കര ഭാഗത്ത് ഞാറുനട്ട് കർഷകർ
മണിയൂര്‍: ചെരണ്ടത്തൂര്‍ ചിറയിലെ പുഞ്ചക്കൃഷിക്കു ഭീഷണിയായ കോണ്‍ക്രീറ്റ് തടയണകള്‍ പൊളിച്ചു നീക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വെള്ളം കുറഞ്ഞ കര ഭാഗങ്ങളില്‍ ഞാറ് നട്ടു. തടസ്സങ്ങള്‍ നീക്കുമെന്നു പഞ്ചായത്ത് ഭരണസമിതി അറിയിച്ചെങ്കിലും നടപടി വൈകുന്ന സാഹചര്യത്തിലാണ് വെള്ളം കുറഞ്ഞ കര ഭാഗങ്ങളില്‍ ഞാറ് നടാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. താഴ്ഭാഗങ്ങളിലെ വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള തടസ്സം നീങ്ങിയില്ലെങ്കിലും വേനല്‍ ശക്തിപ്പെടുന്നതോടെ വെളളം വറ്റുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ചെരണ്ടത്തൂര്‍ ചിറയില്‍ കയറുന്ന വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകാന്‍ നിര്‍മിച്ച നടുത്തോട്ടിലാണു ജലനിധിക്കു വേണ്ടി കോണ്‍ക്രീറ്റ് തടയണകള്‍ നിര്‍മിച്ചത്. വേനലിലും ജലനിധി കിണറ്റില്‍ വെള്ളം ഉറപ്പാക്കാനായിരുന്നു തടയണ നിര്‍മാണം. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതിനെ തുടര്‍ന്നു മറ്റു സ്ഥലങ്ങളില്‍ നിന്നു ഞാറ് സംഘടിപ്പിച്ചു നടാനുള്ള തയാറെടുപ്പിലാണു കര്‍ഷക കൂട്ടായ്മകള്‍. ഇവരുടെ ഞാറ്റടികള്‍ അത്രയും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു.
കതിര്‍ നെല്‍ക്കൃഷി കൂട്ടായ്മ 2 ഏക്കറില്‍ ഞാറ് നട്ടു. ബാക്കി 8 ഏക്കറില്‍ കൂടി നടാനുള്ള തയാറെടുപ്പിലാണ്. മറ്റു കര്‍ഷക കൂട്ടായ്മകളും രംഗത്തുണ്ട്. വേനല്‍ ജലനിധിക്കു വേണ്ടി കുറ്റ്യാടി കനാലിലൂടെ വെള്ളം ചിറയിലേക്കു തുറന്നു വിടേണ്ടി വന്നാല്‍ വെള്ളം ഉയര്‍ന്നു കൃഷി നശിക്കാനുള്ള സാധ്യത കര്‍ഷകര്‍ മുന്‍കൂട്ടി കാണുന്നുണ്ട്.
ഇത് പരിഹരിക്കാന്‍ കൃഷിമന്ത്രിക്കും ജലവിഭവ മന്ത്രിക്കും വീണ്ടും നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കയാണ് കര്‍ഷകര്‍. കോണ്‍ക്രീറ്റ് തടയണകള്‍ പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസവും മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്. പഞ്ചായത്ത് ഭരണസമിതി കനിയാതെ പ്രശനം തീരില്ലെന്നാണ് പൊതുവിലയിരുത്തല്‍.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക