കണ്ണങ്കടവ് ഫിഷറീസ് എൽ.പി സ്കൂളിന് സ്മാർട്ടാവണം, ജനപ്രതിനിധിളേ, സഹായിക്കു


ചേമഞ്ചേരി: വാതില്‍പ്പടികളും ജനലുകളുമെല്ലാം ചുമരില്‍ നിന്ന് വേര്‍പ്പെട്ട അവസ്ഥ. ഇളകിയാടുന്ന ബെഞ്ചുകള്‍, തകര്‍ന്ന ചവിട്ടുപടികള്‍, ചുറ്റുമതിലോ, ടോയ്‌ലറ്റോ ഇല്ല. വാട്ടര്‍ ടാപ്പുകളെല്ലാം അടിച്ചു തകര്‍ത്ത നിലയില്‍. കാപ്പാട് കണ്ണങ്കടവ് ഗവ ഫിഷറീസ് എല്‍.പി സ്‌കൂളിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരം.

തീരദേശ മേഖലയിലെ കുടുംബങ്ങളില്‍ നിന്നുളള കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. സ്‌കൂളിന്റെ പിന്നാക്കവസ്ഥ പരിഹരിക്കുവാന്‍ ജനപ്രതിനിധികളും, പി.ടി.എ ഭാരവാഹികളും മുട്ടാത്ത വാതിലുകളില്ല. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിമുന്നാം വാര്‍ഡ് മെമ്പര്‍ റസീന ഷാഫിയുടെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ നേരില്‍ക്കണ്ട് സ്‌കൂളിന്റെ ദുരവസ്ഥ മാറ്റാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി എസ്റ്റിമേറ്റും വികസന പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. 34 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് നടപടികളൊന്നുണ്ടായില്ല.

1917ല്‍ സ്ഥാപിതമായ കണ്ണങ്കടവ് എല്‍.പി സ്‌കൂള്‍ 2017ല്‍ നൂറാം വാര്‍ഷികം ആഘോഷിച്ചിരുന്നു. മുമ്പൊക്കെ മൂന്നൂറോളം കുട്ടികള്‍ പഠിച്ചിരുന്ന ഇവിടെയിപ്പോള്‍ 28 കുട്ടികള്‍ മാത്രമാണ് ഉളളത്. സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ കാപ്പാട്, തിരുവങ്ങൂര്‍, എലത്തൂര്‍, വെങ്ങളം എന്നിവിടങ്ങളിലെ സ്‌കൂളുകളിലേക്കാണ് കുട്ടികള്‍ പോകുന്നത്. 380 മല്‍സ്യ തൊഴിലാളികുടുംബങ്ങള്‍ കണ്ണങ്കടവ് ഭാഗത്ത് ഉണ്ട്. ഇവരുടെ കുടുംബങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളാണ് ഏറെയും ഈ സ്‌കൂളില്‍ പഠിച്ചിരുന്നത്.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വിവിധ ഘട്ടങ്ങളില്‍ അനുവദിച്ച ഫണ്ടുപയോഗിച്ച് കോണ്‍ക്രീറ്റ് കെട്ടിടം, നിലം ടൈല്‍ വിരിക്കല്‍ എന്നിവയെല്ലാം ചെയ്തിരുന്നു. എന്നാല്‍ ഇത് കൊണ്ടൊന്നും സ്‌കൂളിന്റെ ശനിദശ മാറിയില്ല. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ ഒരു സുരക്ഷാ സംവിധാനവും ഈ സ്‌കൂളിനില്ല. ഈ സ്‌കൂള്‍ യൂ.പി സ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യവും പ്രദേശവാസികളില്‍ നിന്നുയരുന്നുണ്ട്.