എലത്തൂരില്‍ കുറുക്കനുവെച്ച കെണിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു


എലത്തൂര്‍: കുറുക്കന്റെയും തെരുവുനായ്ക്കളുടെയും ശല്യം ഒഴിവാക്കാന്‍ വീട്ടുമുറ്റത്തെ കോഴിക്കൂടിനുമുകളില്‍ ഘടിപ്പിച്ച വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. അന്നശ്ശേരി പൂക്കോട്ട് പ്രേമ (61) ആണ് മരിച്ചത്. പോസ്റ്റ് ഓഫീസ് കളക്ഷന്‍ ഏജന്റാണ്. ബുധനാഴ്ച രാവിലെയാണ് അപകടം.

അടുക്കളയിലെ സ്വിച്ച് ബോര്‍ഡില്‍നിന്ന് കോഴിക്കൂടിനു മുകളിലെ ഷീറ്റിലേക്ക് വൈദ്യുതി കടത്തിവിടാന്‍ ഘടിപ്പിച്ച വയറില്‍നിന്നാണ് അബദ്ധത്തില്‍ ഷോക്കേറ്റത്. വയറിന്റെ അറ്റം കമ്പിയുമായി ബന്ധിപ്പിച്ചായിരുന്നു കെണിയൊരുക്കിയത്. വൈദ്യുതിബന്ധം വിച്ഛേദിക്കാതെ കൂടിനുമുകളിലെ ഷീറ്റ് നീക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: പിണക്കില്‍ ബാബു. സഹോദരങ്ങള്‍: ചന്ദ്രന്‍, ഭരതന്‍, പരേതനായ ബാലന്‍, വത്സല, മൈഥിലി പരേതരായ ശാരദ, ശ്രീമതി.