ഇടമലയാര്‍ – പൂയംകൂട്ടി വനത്തില്‍ കടുവയും ആനയും ഏറ്റുമൂട്ടി; രണ്ട് മൃഗങ്ങളും ചത്തനിലയില്‍
കൊച്ചി: ഇടമലയാര്‍ – പൂയംകൂട്ടി വനത്തിനുള്ളില്‍ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം അകലം കൊളുത്തുപ്പെട്ടി ഭാഗത്തെ പുല്‍മേടയിലാണ് വന്യജീവികള്‍ ചത്തുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ജഡങ്ങള്‍ കണ്ടത്.
ആനയും കടുവയും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് വന്യജീവി വിദഗ്ദ്ധര്‍ പറയുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ഡ് 1-ല്‍ ഉള്‍പ്പെടുന്ന ജീവികളാണ് ആനയും കടുവയും. കടുവ മാത്രമാണ് ആനയെ ആക്രമിക്കുന്ന വേട്ടക്കാരന്‍. എന്നാല്‍ മുതിര്‍ന്ന ആനകളെ കടുവ ആക്രമിക്കുന്ന സംഭവം അപൂര്‍വ്വമാണ്. കുട്ടിയാനകളെ കടുവകള്‍ പിന്തുടര്‍ന്ന് ആക്രമിക്കാറുണ്ട്.
കാട്ടില്‍ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് വന്യജീവി വിദഗ്ധർ പറയുന്നു. സംസ്ഥാനത്ത് മുൻപും ആനയും കടുവയും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2009-10 ല്‍ സൈലന്റ് വാലി വനത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. സൈലന്‍റ് വാലിയില്‍ ആനയും കടുവയും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിരുന്നു.