വീട് വെക്കാന്‍ പണപ്പിരിവ് നടത്തി യുഡിഎഫ് നിര്‍ധന കുടുംബത്തെ വഞ്ചിച്ചതായി പരാതി


നടുവണ്ണൂര്‍: വീട് വെക്കാന്‍ പണപ്പിരിവ് നടത്തി നിര്‍ധന കുടുംബത്തെ യുഡിഎഫ് വഞ്ചിച്ചതായി ആക്ഷേപം. വിദ്യയ്‌ക്കൊരു സ്‌നേഹ വീട് എന്ന് പേരില്‍ നിര്‍മ്മാണ കമ്മിറ്റിയുണ്ടാക്കി പണം പിരിച്ചിട്ടും വീട് പണി പൂര്‍ത്തിയാക്കാതെ വഞ്ചിച്ചതായി നടുവണ്ണുര്‍ കരുമ്പൊയില്‍ താഴെ കൊടോളി വിനോദും കുടുംബവും ആരോപിച്ചു.

യുഡിഎഫ് നടുവണ്ണൂര്‍ പഞ്ചായത്ത് കണ്‍വീനറും മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം കെ ജലീല്‍ കണ്‍വീനറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കെ സി ഇബ്രാഹിം ചെയര്‍മാനുമായാണ് വിദ്യയ്‌ക്കൊരു സ്‌നേഹ വീട് എന്ന് പേരില്‍ നിര്‍മ്മാണ കമ്മിറ്റിയുണ്ടാക്കി പണപ്പിരിവ് നടത്തിയത്. പ്രവാസി മലയാളികളില്‍ നിന്നടക്കം പണപ്പിരിവ് നടത്തി എട്ടുമാസമായിട്ടും വീട് പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

പഞ്ചായത്തില്‍ അപേക്ഷ നല്‍കാനെന്ന് പറഞ്ഞ് ആറര സെന്റ് ഭൂമിയുടെ ആധാരം ജലീല്‍ വാങ്ങിയിട്ട് എട്ട് മാസമായി. പണപ്പിരിവിനെ കുറിച്ച് അന്വേഷിക്കണമെന്നും ഭൂമിയുടെ ആധാരം തിരിച്ച് കിട്ടണമെന്നും ആവശ്യപ്പെട്ട് വിനേദ് ബാലുശ്ശേരി പേലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖും ചേര്‍ന്നാണ് വീടിന് തറക്കല്ലിട്ടത്. രണ്ടര മാസത്തിനകം വീട് നിര്‍മ്മാണം പുര്‍ത്തിയാകുമെന്നാണ് തറക്കല്ലിടല്‍ സമയത്ത് പറഞ്ഞത്. എട്ട് മാസമായിട്ടും പണി പൂര്‍ത്തിയായിട്ടില്ല. വീടിന് ചുമര്‍ കെട്ടിയതല്ലാതെ മറ്റു നിര്‍മ്മാണ പ്രവര്‍ത്തികളൊന്നും നടന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ കുടുംബം ബുദ്ധിമുട്ടുകയായിരുന്നു.

മാനസിക രോഗിയായ ഭാര്യയും ഒരു മകളുമാണ് വിനോദിനുള്ളത്. ലോട്ടറി വിറ്റാണ് വിനോദും കുടുംബും ഉപജീവനം നടത്തുന്നത്. വിളിപ്പുറത്ത് ഞങ്ങളുണ്ട് എന്ന നവമാധ്യമ കൂട്ടായ്മയും ഡിവൈഎഫ്‌ഐ നടുവണ്ണൂര്‍ മേഖല കമ്മിറ്റിയും വിനേദിന്റെ കുടുംബത്തെ സഹായിക്കാന്‍ രംഗത്തെത്തി. ഒരാഴ്ചയ്ക്കം ഈ കുടുംബത്തിന് മഴ നനയാതെ കയറിക്കിടക്കാനുള്ള സൗകര്യമുണ്ടാക്കുമെന്ന് ഡിവൈഎഫ്‌ഐ നടുവണ്ണൂര്‍ മേഖല സെക്രട്ടറി ആര്‍ എസ് റിലുവും വിളിപ്പുറത്ത് ഞങ്ങളുണ്ട് നവമാധ്യമ കൂട്ടായ്മ ഭാരവാഹിയുമായ അക്ബര്‍ അലിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക