മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കും; കല്‍പ്പറ്റ മണ്ഡലം പരിഗണനയില്‍


തിരുവന്തപുരം: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും. മത്സരിക്കാന്‍ മുല്ലപ്പള്ളി സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചു. കല്‍പ്പറ്റ മണ്ഡലം പരിഗണനയില്‍. അദ്ദേഹത്തിന് അവിടെ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചനയും. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് നേരത്തേ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നതാണ്.

മുല്ലപ്പള്ളി വടക്കന്‍ കേരളത്തില്‍ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്. സിപിഎമ്മിന് പൊതുവേ വേരോട്ടമുള്ള വടക്കന്‍ കേരളത്തില്‍ കെപിസിസി അധ്യക്ഷന്‍ നേരിട്ട് മത്സരരംഗത്തിറങ്ങി, പ്രചാരണത്തിന് ചുക്കാന്‍ പിടിക്കണമെന്നും, സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കണമെന്നും ഇതിലൂടെ കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നു. ഇതോടൊപ്പം മത്സരിച്ചാല്‍ വിജയിക്കുമെന്നുറപ്പുള്ള സുരക്ഷിതമണ്ഡലമാണ് മുല്ലപ്പള്ളി തേടുന്നത്. കല്‍പ്പറ്റ കാലങ്ങളായി യുഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണ്. രാഹുല്‍ഗാന്ധി എംപിയായ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗം. ഇവിടെ മത്സരിക്കുന്നതില്‍ മുല്ലപ്പള്ളിക്ക് ഏറെ താത്പര്യമുണ്ട് താനും.

മുല്ലപ്പള്ളി കൊയിലാണ്ടി മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ കുറച്ചു കൂടി സുരക്ഷിത മണ്ഡലം തേടിയാണ് അദ്ധേഹം കൽപ്പറ്റ തിരഞ്ഞെടുക്കുന്നത് എന്നാണ് അറിയുന്നത്. കോഴിക്കോട് ജില്ലയിൽ നിലവിൽ കോൺഗ്രസ്സിന് എം.എൽ.എ മാരില്ല. അതുകൊണ്ട് കോഴിക്കോട് ജില്ലയിൽ നിന്ന് മുല്ലപ്പള്ളി മത്സരിക്കണം എന്ന് ആവശ്യമുയരുകയും അദ്ധേഹം അത് അംഗീകരിക്കുകയും ചെയ്താൽ കൊയിലാണ്ടിയിൽ മുല്ലപ്പള്ളി മത്സരിക്കും. അദ്ധേഹം രണ്ട് തവണ എം.പിയായ വടകര മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് കൊയിലാണ്ടി.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടാനൊരുങ്ങുന്ന സാഹചര്യത്തില്‍ പോരാട്ടം പൊടിപാറുമെന്ന് വ്യക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന നിര്‍ണായകസമിതിയുടെ അമരത്ത് ഉമ്മന്‍ചാണ്ടിയാണ്. ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കമുള്ള അംഗങ്ങള്‍ സമിതിയിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ആരെന്ന് ഇപ്പോള്‍ തീരുമാനിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക