മതിലുകളില്ലാത്ത ഗുരുമനസ്സ്


എ സജീവ് കുമാര്‍
കഥകളിയിലും നടനകലയിലും ഗുരുവായ ആചാര്യൻ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയയിലെ മടയൻ കണ്ടി ചാത്തുക്കുട്ടി നായരുടേയും കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മയുടേയും മകനായാണ് ജനനം. ഇദ്ദേഹത്തിന് രണ്ടര വയസ്സ് പ്രായമായപ്പോൾ അമ്മയും പതിമൂന്നാം വയസ്റ്റിൽ അച്ഛനും മുപ്പത്തിയെട്ടാം വയസ്സിൽ ഭാര്യ ജാനകിയും നഷ്ടപ്പെട്ടു. പ്രയാസകരമായ കുടുംബ ജീവിതത്തിനിടയിൽ നാലാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്കൂളിലെ പഠനകാലത്താണ് ആദ്യമായി കലാരംഗത്ത് എത്തിയത്.
വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ അക്കാലത്ത് സജീവമായിരുന്ന കോൽക്കളി സംഘങ്ങളോടൊപ്പം കുറച്ചുകാലം . വാര്യം വീട്ടിൽ കുഞ്ഞിരാമൻ കിടാവിൻ്റെ നാടകസംഘത്തിൽ ചെറിയ വേഷങ്ങളിൽ. വള്ളിത്തിരുമണം എന്ന നൃത്തനാടകത്തിലെ തോഴിയുടെ വേഷം 105ലും ഗുരുവിൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതായി ഗുരു പറയുന്നു. അന്ന് നാടകത്തിൽ രംഗ സജ്ജീകരണം നടത്തുന്ന ഗോവിന്ദമേനോനാണ് ആദ്യമായി കഥകളി പഠിക്കാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചത്. ചോദ്യം മനസ്സിനുള്ളിൽ ആഗ്രഹമായി വളർന്നു. കളി സംഘത്തിൽ ചേർന്നു പഠിക്കാൻ വീട്ടുകാർ സമ്മതിക്കില്ല. കഥകളി പഠിക്കാനായി ഒളിച്ചോടാൻ പതിനഞ്ചു വയസ്സുകാരൻ ആലോചിച്ചു. സഹോദരി യിൽ നിന്നും സംഘടിപ്പിച്ച നാലണയുമായി ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ പോയി. തിക്കോടിക്ക് വണ്ടി കയറി.
റെയിൽവേ സ്റേറഷനിൽ കാത്തുനിന്ന ഗോവിന്ദമേനോടൊപ്പം നടന്ന് കീഴ്പ്പയ്യൂരിലെത്തി. കഥകളി നടനായ കരുണാകരമേനോൻ്റടുത്ത് പഠനത്തിനായെത്തി. അപ്പുക്കുട്ടി നമ്പ്യാർ നടത്തുന്ന കഥകളി വിദ്യാലയത്തിലെ പ്രധാന ആശാനായിരുന്നു അദ്ദേഹം. അവിടെ നിന്നാരംഭിച്ച കഥകളി പഠനം 15 വർഷത്തോളം തുടർന്നു. തുടർന്നു ശാസ്ത്രീയ നൃത്തം അഭ്യസിക്കാൻ തുടങ്ങി. ഗാന്ധിജിക്ക് സ്വർണാഭരണം ഊരി നൽകിയ കൗമുദി ടീച്ചർ ആവശ്യപ്പെട്ടതനുസരിച്ച് കണ്ണൂർ ഗേൾസ് ഹൈസ്കൂളിൽ ഡാൻസ് പഠിപ്പിക്കാൻ ആവശ്യപ്പെട്ടതാണ് നൃത്തരംഗത്തേയ്ക്ക് എത്താൻ നിമിത്തമായത്. തുടർന്ന് മദിരാശിയിൽ നൃത്ത പഠനം.
കണ്ണൂരിലെ ഭാരതിയ നൃത്തകലാലയം, തലശ്ശേരിയിലെ നൃത്ത വിദ്യാലയം, പൂക്കാട് കലാലയം തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് തുടക്കമിട്ട ഗുരുവിൻ്റെ ശ്രദ്ധേയമായ സ്ഥാപനമാണ് ചേലിയ കഥകളി വിദ്യാലയം. ശിഷ്യരും പ്രശിഷ്യരുമായി ആയിരക്കണക്കിന് പേർ ഗുരുവി നിന്ന് സ്വന്തമായുണ്ട്. പത്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങൾ ഗുരുവിനെ തേടിയെത്തിയിട്ടുണ്ട്. ഗുരു ചേമഞ്ചേരിയുടെ ഏറ്റവും ശ്രദ്ധേയമായ വേഷം കൃഷ്ണവേഷമാണ്. കുചേലവൃത്തത്തിലെ കൃഷ്ണൻ, സന്താനഗോപാലത്തിലെ കൃഷ്ണൻ, ദുര്യോധനവധത്തിലെ കൃഷ്ണൻ, സുഭദ്രാഹരണത്തിലെ കൃഷ്ണൻ, രുഗ്മിണി സ്വയംവരത്തിലെ കൃഷ്ണൻ തുടങ്ങിയ കൃഷ്ണവേഷങ്ങൾ ഉത്തരകേരളത്തിലെ കഥകളി അരങ്ങുകളിൽ കുഞ്ഞിരാമൻ നായരുടേതു മാത്രമായിരുന്നെന്ന് കെപിഎസ് മേനോൻ്റെ കഥകളി രംഗം എന്ന പ്രശസ്ത ഗ്രന്ഥത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.
കലയിൽ ആകാശം മുട്ടെയുള്ള തലപ്പൊക്കവും ആന്തരികതയിൽ സാത്വിക വിശുദ്ധിയുമുള്ള ഗുരു നൂറ്റിഅഞ്ചിലും ജീവിതത്തിൻ്റെ അരങ്ങിൽ നിറദീപമായ് തെളിഞ്ഞു കത്തുകയാണ്. അതിനിയും വർഷങ്ങളോളം തുടരട്ടേയെന്നാണ് ഗുരുവിനെ സ്നേഹിക്കുന്ന ഏവരുടേയും ആഗ്രഹം.