കായലും കടലും തുരുത്തുകളും ഒന്നുചേരുന്ന പ്രകൃതിയുടെ സൗന്ദര്യം, കണ്ണിനും മനസ്സിനും കുളിരാകുന്ന ബോട്ട് യാത്ര; കായൽ സൗന്ദര്യം ആസ്വദിക്കാൻ കണ്ണൂരിലെ കവ്വായി കായലിലേക്ക് വെച്ച് പിടിച്ചാലൊ..


കായലും കടലും മലയും തുരുത്തുകളും ഒക്കെച്ചേർന്ന, പ്രകൃതിയുടെ വൈവിധ്യം നിറഞ്ഞ സൗന്ദര്യത്തെ ആസ്വദിക്കുവാൻ താൽപ്പര്യമുള്ളയാളാണൊ നിങ്ങൾ. എങ്കിൽ പറ്റിയൊരിടമാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കവ്വായി കായൽ. മലബാറിലെ ഏറ്റവും പ്രസിദ്ധമായതും ഏറെ ആകർഷകമായതുമായ കായലാണ് കവ്വായി.

കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേർന്നതാണ് കവ്വായി കായൽ. കണ്ടൽകാടുകൾക്ക് പേരുകേട്ട കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ്.

കവ്വായി കായലിലെ കയാക്കിംഗ്

കടലോരത്തിന് സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ് കവ്വായി കായൽ. 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. ധാരാളം ചെറുദ്വീപുകൾ. 40 കിലോമീറ്റർ നീളത്തിലുള്ള കായൽ ജൈവിക സമ്പന്നമാണ് ഈ കായൽ. ഓരോ ചെറു ദ്വീപുകളും തുരുത്തുകളും സന്ദർശിക്കാനും ബോട്ടു യാത്രകൾ ഉപകരിക്കും. തീരത്തെ സസ്യസമൃദ്ധിയും പക്ഷികളുടെ വൈവിദ്ധ്യവും കണ്ണിനും മനസ്സിനും കുളിർമ്മയേകും.

1264 കിലോ മീറ്ററോളം പരന്നു കിടക്കുന്ന കവ്വായി കായൽ, ഏഴു പുഴകൾ ചേർന്നതാണ്. കവ്വായി, പെരുമ്പ, നീലേശ്വരം, കാര്യങ്കോട്, രാമപുരം, കുണിയൻ എന്നിവയാണവ. കവ്വായി കായൽ അപൂർവയിനം ദേശാടന പക്ഷികളുടെ താവളമാണ്. കൂടാതെ അപൂർവയിനം കണ്ടൽ ചെടികളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണ്.

കവ്വായി പാർക്ക്

പയ്യന്നൂരിലെ കൊറ്റിക്കടവിൽ നിന്നും പടന്ന വരെയുള്ള ബോട്ടു യാത്രയാണ് കവ്വായി കായലിന്റെയും പരിസരത്തിന്റെയും സൗന്ദര്യം കാണുവാനുള്ള ഏറ്റവും നല്ല വഴി. നിലവിലുള്ള യാത്രാ ബോട്ടുകളെത്തന്നെ ആശ്രയിച്ച് ഈ യാത്ര നടത്താവുന്നതാണ്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനു സമീപത്തുള്ള കൊറ്റിക്കടവിൽ നിന്നും ബോട്ടിൽ കയറിയാൽ രണ്ടു മണിക്കൂറുകൊണ്ട് ആയിറ്റി എന്ന തുരുത്തിൽ എത്തിച്ചേരാം. അവിടെ അൽപ നേരം തങ്ങി തുരുത്തിന്റെ സൗന്ദര്യം ആസ്വദിച്ച ശേഷം അവിടെ നിന്നും അടുത്ത ബോട്ടിൽ കയറി അരമണിക്കൂറു കൊണ്ട് പടന്നയിലെത്താം. അല്ലെങ്കിൽ ആയിറ്റിയിൽ നിന്നും കൊറ്റിക്കടവിലേക്കുള്ള അടുത്ത ബോട്ടിൽ നേരെ മടങ്ങുകയുമാകാം.

ആകെ മുപ്പത്തിമൂന്നു കിലോമീറ്ററോളം വരുന്ന ബോട്ടു യാത്രയ്ക്കിടയിൽ ഏഴിമലയും അതിന്റെ മനോഹരമായ താഴ്‍വാരങ്ങളും കണ്ടൽക്കാടുകളും കല്ലുമ്മക്കായ കൃഷിയും അറബിക്കടലിന്റെ മനോഹാരിതയും കാഴ്ചയ്ക്ക് വിരുന്നൊരു ക്കുന്നു. ജലഗതാഗതവകുപ്പിന്റെ യാത്രാ സംവിധാനം ഉപയോ ഗിക്കാമെന്നതിനാൽ വളരെ തുച്ഛമായൊരു നിരക്ക് മാത്രമെ ആകുന്നുള്ളു എന്നൊരു പ്രയോജനവുമുണ്ട്. കുടുംബത്തോടൊപ്പം ചുരുങ്ങിയ ചെലവിൽ കായൽ ഭംഗി ആസ്വദിച്ചു മടങ്ങാൻ നല്ല ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കവ്വായി കായൽ.