നഗരസഭ അദ്ധ്യക്ഷൻമാരെ ഇന്ന് തിരഞ്ഞെടുക്കും


കൊയിലാണ്ടി: സംസ്ഥാനത്ത് നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചെയർമാൻ തിരഞ്ഞെടുപ്പും, ഉച്ചയ്ക്ക് 2 മണിക്ക് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുമാണ് നടക്കുക. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ഥാനാർത്ഥി മാത്രമാണുള്ളതെങ്കിൽ അവരെ വിജയിയായി പ്രഖ്യാപിക്കും. ഒന്നിലേറെ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. ഓപ്പൺ ബാലറ്റ് മുഖേനയാണ് തിരഞ്ഞെടുപ്പ്. വോട്ടു ചെയ്യുന്ന അംഗം ബാലറ്റിന്റെ പിറകിൽ പേരും, ഒപ്പും രേഖപ്പെടുത്തണം. കൂടുതൽ വോട്ട് ലഭിക്കുന്നവർ തിരഞ്ഞെടുക്കപ്പെടും. തുല്യ വോട്ട് നേടിയാൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും.

കൊയിലാണ്ടി നഗരസഭയിൽ എൽ.ഡി.എഫിൽ നിന്ന് ചെയർപേഴ്സൺ സ്ഥാനത്തേക്ക് 14-ാം വാർഡ് കൗൺസിലർ സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് 15-ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.സത്യനും മത്സരിക്കും. 44 അംഗ നഗരസഭയിൽ എൽ.ഡി.എഫിന് 25 അംഗങ്ങൾ ഉള്ളതിനാൽ ഇവർ രണ്ട് പേരും തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പാണ്.

ചെയർപേഴ്സൺ സ്ഥാനത്തേക്ക് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറും 41-ാം വാർഡ് കൗൺസിലറുമായ പി.രത്നവല്ലി ടീച്ചറും, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് 36-ാം വാർഡ് കൗൺസിലർ വി.പി.ഇബ്രാഹിംകുട്ടിയും മത്സരിക്കും.

പയ്യോളി നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് 17-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സിലെ വടക്കയിൽ ഷെഫീഖും, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് 21-ാം വാർഡ് കൗൺസിലർ മുസ്ലിം ലീഗിലെ സി.പി.ഫാത്തിമയും മത്സരിക്കും. 36 അംഗ നഗരസഭയിൽ 21 സീറ്റുകൾ യു.ഡി.എഫിന് ഉള്ളതിനാൽ ഇവർ രണ്ട് പേരും തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

എൽ.ഡി.എഫിൽ നിന്ന് ചെയർമാൻ സ്ഥാനത്തേക്ക് 3 ആം വാർഡിൽ നിന്ന് വിജയിച്ച സി.പി.ഐ.എം ലെ ടി.അരവിന്ദാക്ഷനും, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് 13 ആം വാർഡിൽ നിന്ന് വിജയിച്ച സി.പി.ഐ യിലെ റസിയ ഫൈസലും മത്സരിക്കും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക