സർക്കാരിന്റെ വികസന ക്ഷേമപദ്ധതികൾക്കുള്ള അംഗീകാരമായിരിക്കും ജനവിധി; ടി.പി.രാമകൃഷ്ണൻ


പേരാമ്പ്ര: എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പേരാമ്പ്രയിൽ തുടക്കമായി. നിയോജകമണ്ഡലം തിരഞ്ഞടുപ്പ് കൺവെൻഷൻ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. സർവേ നടത്തിയവരെല്ലാം എൽ.ഡി.എഫ്. സർക്കാരിന് തുടർഭരണം പ്രഖ്യാപിച്ചപ്പോൾ കള്ളപ്രചാരണങ്ങളുമായി യു.ഡി.എഫും ബി.ജെ.പി.യും പരക്കം പായുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനസർക്കാരിനെ ദുർബലമാക്കാനുള്ള ആസൂത്രിതമായ ശ്രമവും ഇതിന്റെ ഭാഗമാണ്. പഞ്ചായത്ത് തിരഞ്ഞടുപ്പിലെന്ന പോലെ ഇത്തരം കള്ളക്കഥകൾക്ക് പകരം ചോദിക്കാനുള്ള ജനങ്ങളുടെ അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ബി.ജെ.പി. ഉയർത്തുന്ന വർഗീയതെയെയോ സാമ്പത്തിക നയങ്ങളെയോ എതിർക്കാൻ പറ്റാത്തവിധത്തിൽ ദുർബലമാണ് കോൺഗ്രസെന്നും ബദൽ രാഷ്ട്രീയ ശക്തിയായ എൽ.ഡി.എഫിനെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുക്കുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

സ്ഥാനാർത്ഥി ടി.പി.രാമകൃഷ്ണനെ തുറന്ന വാഹനത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് പേരാമ്പ്ര ടൗണിലൂടെ ബാൻഡ് മേളങ്ങളോടെയാണ് പ്രവർത്തകർ മണ്ഡലം കൺവൻഷൻ വേദിയിലേക്ക് എത്തിച്ചത്. സർക്കാർ നാട്ടിൽ നടപ്പാക്കിയ വികസനവും ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളുടെ അനുഭവങ്ങളായി മുന്നിലുണ്ടെന്നും അത് തുടരാനാണ് വോട്ടഭ്യർഥിക്കുന്നതെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

എൽ.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ എ.കെ.ചന്ദ്രൻ അധ്യക്ഷനായി. എ.കെ.ബാലൻ, ആർ.ശശി, പി.കെ.എം.ബാലകൃഷ്ണൻ, കെ.ലോഹ്യ, ജെ.എൽ.പ്രേംഭാസിൻ, ബേബി കാപ്പുകാട്ടിൽ, എൻ.കെ.അബ്ദുൾ അസീസ്, എം.കുഞ്ഞിരാമനുണ്ണി, കെ.പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞടുപ്പ് കമ്മിറ്റി ഭാരവാഹികൾ: എ.കെ.ചന്ദ്രൻ (പ്രസിഡണ്ട്), എ.കെ.ബാലൻ (ജനറൽ സെക്രട്ടറി), കെ.കുഞ്ഞമ്മദ് (ഖജാൻജി).