സൗദിയിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി മരിച്ചു


കോഴിക്കോട്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. മാവൂർ സ്വദേശി വൈത്തലക്കുന്നുമ്മൽ അഫ്സൽ (29) ആണ് മരിച്ചത്. ബുധനാഴ്ച ദമാമിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ഹുറൈറയ്ക്ക് സമീപത്തു വെച്ചാണ് അപകടം നടന്നത്. ടയർ കടയിലെ ജീവനക്കാരനായിരുന്ന അഫ്സൽ സാധനങ്ങൾ എടുക്കാനായി ദമാമിൽ നിന്ന് റിയാദിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

അഫ്സൽ സഞ്ചരിച്ച വാഹനത്തിന് പിറകിൽ സൗദി പൗരന്റെ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞ വാഹനത്തിൽ നിന്ന് തെറിച്ചുവീണ അഫ്സലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശിക്കും പരിക്കേറ്റു.

വി.കെ.ഹമീദിന്റെയും സുഹറാബിയുടെയും മകനാണ് അഫ്സൽ. ഭാര്യ: ഷംന. മക്കൾ: മുഹമ്മദ് അജ്നാസ് (5), ഫാത്തിമ തൻഹ (3). മൃതദേഹം ഹുറൈയിലെ പ്രിൻസ് സുൽത്താൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.