സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ സമര രക്തസാക്ഷികളെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണം: മുസ്ലിംലീഗ്


തുറയൂര്‍: മലബാര്‍സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ യോജിച്ച പ്രമേയം പാസാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര നടപടിയില്‍ നിലപാട് വ്യക്തമാക്കി,യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികയില്‍ നിന്ന് ഒഴിവാക്കിയകേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധപരിപാടി ‘ചരിത്രത്തിന്റെ അപനിര്‍മ്മിതിക്കെതിരെ’ തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടി.പി.അസീസ് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. സി. എ.നൗഷാദ്, മുനീര്‍ കുളങ്ങര, വി.പി അസൈനാര്‍, കോവുമ്മല്‍മുഹമ്മദലി, പി.ടി അബ്ദു റഹ്‌മാന്‍ മാസ്റ്റര്‍, മുഹമ്മദലി പടന്നയില്‍, കട്ടിലേരി പോക്കര്‍ഹാജി, നസീര്‍ പൊടിയാടി, കുറ്റിയില്‍ റസാഖ്, കെ.പി ശ്രീകല, മുഹമ്മദ് ചിറക്കര, മുസ്തഫ മരുതേരി, കുന്നോത്ത് മുഹമ്മദ്, അബ്ദുള്ള മനത്താനത്ത്, കെ.പി അസൈനാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.