സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ സൗകര്യം ഒരുക്കാനൊരുങ്ങി കെ എസ് ടി എ
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് അധ്യാപക സംഘടനയായ കെ.എസ്.ടി.എ. നഗരത്തിലെ സ്ത്രീകളുടെയും, കുട്ടികളുടേയും ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന കോവിഡ് വാര്‍ഡില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ സൗകര്യം ഒരുക്കുകയാണ് കോഴിക്കോട് കെഎസ്ടിഎ.
50 കിടക്കകളാണ് കേന്ദ്രീകൃത ഓക്‌സിജന്‍ സൗകര്യവുമായി തയ്യാറാക്കുന്നത്. ഗര്‍ഭിണികളായ കോവിഡ് രോഗികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ പദ്ധതി. ലേബര്‍ റൂമിലും, വാര്‍ഡിലും ഇതോടെ മുഴുവന്‍ സമയവും തടസ്സമില്ലാതെ ഓക്‌സിജന്‍ ലഭിക്കും. ഇതിനാവശ്യമായ ഉപകരണങ്ങളും, ഓക്‌സിജന്‍ എത്തിക്കുന്ന പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വര്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു.
ആദ്യഘട്ടമെന്ന നിലയില്‍ പത്ത് ലക്ഷം രൂപയാണ് കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇതിനു വേണ്ടി ചെലവഴിക്കുന്നത്. ഇതിനു പുറമേ ആയിരം ഓക്‌സിമീറ്ററുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി അധികൃതര്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്.