സി.പി.എമ്മിനെ നയിക്കാന്‍ യുവത; ഇരുപത്തിരണ്ടുകാരന്‍ അര്‍ജുന്‍ ദേവ് കൊണ്ടൊട്ടുകൊല്ലി ബ്രാഞ്ച് സെക്രട്ടറി


പേരാമ്പ്ര: സി.പി.എമ്മിന്റെ കൊണ്ടൊട്ടുകൊല്ലി ബ്രാഞ്ചിനെ ഇനി നയിക്കുക അര്‍ജുന്‍ ദേവ്. ഇരുപത്തി രണ്ട് വയസ് മാത്രം പ്രായമുള്ള അര്‍ജുനാണ് സുപ്രധാനമായ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പ്പിച്ചിക്കുന്നത്. സി.പി.എമ്മില്‍ ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവരാണ് ബ്രാഞ്ച് സെക്രട്ടറിമാര്‍. സുപ്രധാനമായ ഈ സ്ഥാനത്തേക്കാണ് യുവത്വം എത്തുന്നു എന്നതും ശ്രദ്ധേയമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ യുവതയ്ക്ക് പ്രാധാന്യം നല്‍കിയത് ബ്രാഞ്ചുകളിലും ആവര്‍ത്തിക്കപ്പെടുകയാണ്.

എസ്.എഫ്.ഐയിലൂടെയാണ് അര്‍ജുന്‍ സംഘടനാ രംഗത്തേക്ക് കടന്നുവന്നത്. എസ്.എഫ്.ഐ യുണിറ്റ് സെക്രട്ടറി, ചക്കിട്ടപ്പാറ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അര്‍ജുന്‍ നിലവില്‍ എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല എക്‌സിക്യൂട്ടീവ് മെമ്പറുമാണ് അര്‍ജുന്‍. ഈ ഉത്തരവാദിത്വങ്ങള്‍ക്കൊപ്പമാണ് കൊണ്ടൊട്ടുകൊല്ലി ബ്രാഞ്ച് സെക്രട്ടറിയെന്ന ചുമതല കൂടി അര്‍ജുനെ തേടിയെത്തുന്നത്.

വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. അത് നല്ല രീതിയില്‍ മുമ്പോട്ട് കൊണ്ടുപോവുകയാണ് ലക്ഷ്യമെന്ന് അര്‍ജുന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. യുവാക്കളുള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്നും അര്‍ജുന്‍ പറഞ്ഞു. എല്ലാ തരത്തിലുള്ള സാമൂഹിക-രാഷ്ടീയ വിഷയങ്ങളിലും നല്ല രീതിയില്‍ ഇടപെടാന്‍ ശ്രമിക്കുമെന്നും അര്‍ജുന്‍ വ്യക്തമാക്കി.

രാഷ്ടീയ പ്രവര്‍ത്തനത്തില്‍ പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പതറാതെ ധീരമായി നേരിടുകയാണ് അര്‍ജുന്‍ ചെയ്തിരുന്നത്. ആക്രമ രാക്ഷ്ട്രീയത്തോട് സന്ധിയില്ലാത്ത പോരാട്ടം നയിച്ചതിന്റെ പേരില്‍ അക്രമിക്കപെട്ടിട്ടും അടിയുറച്ച കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായി നിലപാടുകളില്‍ ഉറച്ചു നിന്നു. ആര്‍.എസ്.എസുകാര്‍ വീടിന് ബോംബെറിഞ്ഞിട്ടും അര്‍ജുന്‍ ഭയന്ന് പിന്മാറിയില്ല.

കൊണ്ടോട്ടുകൊല്ലി വാഴയില്‍ കുഞ്ഞിക്കണ്ണന്റെയും രമയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് അര്‍ജുന്‍ ദേവ്. അരുണ്‍ സഹോദരനാണ്.