സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഏകീകൃത നിറം
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ ആശുപത്രികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ഏകൃകൃത നിറം നല്‍കുന്നത്. ആദ്യ വിഭാഗത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയുടെ പുറംഭാഗം ഇളം പച്ചയിലും വെള്ളയിലുമാണ് ചായം പൂശേണ്ടത്. അകത്ത് പച്ച നിറമായിരിക്കണം.
ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, വനിതാ ശിശു ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവയാണ് രണ്ടാം വിഭാഗം. ഇവയുടെ പുറംഭാഗം നീലയും വെള്ളയും കലര്‍ന്നതായിരിക്കണം.
നിലവിലുള്ള ആശുപത്രികള്‍ അറ്റകുറ്റപണി നടത്തുമ്പോഴോ നവീകരണം നടത്തുമ്പോഴോ പുതിയ നിറത്തിലേക്ക് മാറിയാല്‍ മതി. മാര്‍ച്ച് ഒന്നു മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ആശുപത്രിക്കെട്ടിടങ്ങളെല്ലാം പുതിയ നിര്‍ദ്ദേശപ്രകാരമുള്ള ചായത്തിലായിരിക്കണമെന്നാണ് നിര്‍ദേശം.