സമ്പർക്കവിലക്ക്; കുറ്റ്യാടിയില്‍ വീട്ടുവരാന്തയിൽ നിന്നയാൾക്ക് 2000 രൂപ പിഴയിട്ട് പോലീസ്
കുറ്റ്യാടി: കോവിഡ് പോസിറ്റിവായ ഗൃഹനാഥന് വീട്ടുവരാന്തയിൽനിന്നതിന് പൊലീസ് 2000 രൂപ പിഴയിട്ടതായി പരാതി. കാവിലുമ്പാറ പൈക്കളങ്ങാടി കറപ്പയിൽ സലീമിനാണ് (47) തൊട്ടിൽപാലം പോലീസ് പിഴയിട്ടത്.
അത്യാവശ്യ കാര്യത്തിന് മാസ്കണിഞ്ഞ് കിടപ്പുമുറിയിൽനിന്ന് വീട്ടുവരാന്തയിൽ വന്നുനിന്നപ്പോൾ പൂക്കാട് റോഡിലൂടെ പോയ സി.ഐയും സംഘവും കാണുകയും കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന് പറഞ്ഞ് പിഴയിടുകയുമായിരുന്നെന്ന് സലീം പറഞ്ഞു.
കാശില്ലാത്തതിനാൽ പിഴ അടക്കാനായിട്ടില്ല. പിഴസംഖ്യ സ്റ്റേഷനിൽ എത്തിക്കണമെന്ന് പോലീസ് അറിയിച്ചു. പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിക്ക് കൈമാറുമെന്നും പണം അവിടെ പോയി അടക്കണമെന്നും വിളിച്ചറിയിച്ചതായും പറഞ്ഞു. ഇതോടെ ആകെ വിഷമത്തിലായിരിക്കുകയാണ് സലീം.
ധാന്യം പൊടിക്കുന്ന മില്ലിലെ തൊഴിലാളിയാണ്. എന്നാൽ, വീട്ടിലെ മറ്റംഗങ്ങൾക്ക് രോഗം പടരാതിരിക്കാൻ ഇയാൾ മുറിക്കകത്ത് സമ്പർക്കവിലക്കിൽ ഇരിക്കേണ്ടയാളാണെന്നും സന്ദർശന സമയത്ത് അത് ലംഘിച്ചതായി കണ്ടതിനാലാണ് പിഴയിട്ടതെന്നും പൊലീസ് പറഞ്ഞു.