സഞ്ചാരികകളെ സ്വീകരിക്കാനൊരുങ്ങി പെരുവണ്ണാമൂഴി; ടൂറിസ്റ്റ് കേന്ദ്രം ഇന്ന് തുറക്കും
പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാമിനോട് ചേർന്ന ടൂറിസ്റ്റ് കേന്ദ്രം ഇന്ന് തുറക്കും. കോവിഡ് കാലത്ത് പത്ത് മാസത്തോളം നീണ്ട അടച്ചിടലിന് ശേഷമാണ് ടൂറിസ്റ്റ് കേന്ദ്രം സഞ്ചാരികൾക്കായി തുറക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ കഴിഞ്ഞമാസം തന്നെ സർക്കാർ അനുമതിയായിരുന്നെങ്കിലും കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുള്ള കേന്ദ്രം തുറന്നിരുന്നില്ല.
പ്രവേശന ഫീസിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. നേരത്തെയുള്ളതിൽ നിന്ന് മുതിർന്നവർക്ക് അഞ്ച് രൂപയിൽ നിന്ന് 20 രൂപയായും, കുട്ടികൾക്ക് 3 രൂപ പത്ത് രൂപയായുമാണ് വർദ്ധനവ് വരുത്തിയത്. ഏറെക്കാലത്തിന് ശേഷമാണ് പ്രവേശന ഫീസിൽ വർദ്ധനവ് വരുത്തിയതെന്ന് അധികൃതർ പറഞ്ഞു.
പൂന്തോട്ടം കൂടുതൽ ആകർഷകമാക്കിയാണ് സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നത്. പുതുതായി നിർമ്മിച്ച വാച്ച് ടവന്റെ പ്രവൃത്തിയും പൂർത്തിയായി. മൂന്ന് നിലകളിലുള്ള വാച്ച് ടവറിന്റെ മുകളിൽ കയറിയാൽ ഡാമും പരിസരവുമെല്ലാം വീക്ഷിക്കാം.
ഡാമിൽ ടൂറിസം വകുപ്പിന്റെ 3.13 കോടി രൂപ ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പദ്ധതികളുടെ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. ഇതു കൂടി പൂർത്തിയാവുന്നതോടെ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങും. ഇൻറർപ്രെട്ടേഷൻ സെന്റർ, കാന്റീൻ, ഓപ്പൺ കഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാർക്ക്, ലാൻഡ് സ്കേപ്പിംഗ്, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിംഗ് സൗകര്യം, കവാടം നവീകരണം, വൈദ്യുതീകരണം എന്നിവയാണ് പുതിയ പ്രവൃത്തികൾ